Mon. May 20th, 2024

വിശ്വാസങ്ങളുടെ മേല്‍ സി.പി.ഐ എം കടന്നുകയറുകയാണ്; അനില്‍കുമാറിനെതിരെ പി.എം.എ സലാം

By admin Oct 3, 2023
Keralanewz.com

മലപ്പുറം: മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്നാണ് സിപിഐഎം സംസ്ഥാന സമിതിയംഗം കെ.
അനില്‍കുമാറിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച്‌ മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തട്ടമിട്ട പെണ്‍കുട്ടികള്‍ അത്ഭുതം സൃഷ്ടിക്കുകയാണ്. തട്ടം ഭദ്രമായി നിലനിര്‍ത്തികൊണ്ടു തന്നെ ജീവിത മാര്‍ഗത്തില്‍ സംസ്ഥാനത്തെയും രാജ്യത്തെയും നയിക്കാനുള്ള വലിയ പങ്ക് അവര്‍ നിര്‍വഹിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിലര്‍ അവരുടേതായ നയങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി.

മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് അറിയില്ല. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ പോലും തട്ടമിടുന്നുണ്ട്. വിശ്വാസങ്ങളുടെ മേല്‍ സി.പി.ഐ എം കടന്നുകയറുകയാണ്. വഖഫ്, ശബരിമല വിഷയങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും സലാം ചൂണ്ടിക്കാട്ടി. മുസ് ലിം പെണ്‍കുട്ടികളുടെ തലയില്‍ നിന്ന് തട്ടം ഒഴിവാക്കുന്ന പ്രവര്‍ത്തനമാണ് ഇതുവരെ നടത്തിയതെന്ന് പരസ്യമായി പറഞ്ഞിട്ടും സി.പി.ഐ എമ്മിലെ ഒരു നേതാവ് പോലും പ്രതികരിക്കാത്തത് ഗൗരവതരമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇക്കാലമത്രയും പ്രവര്‍ത്തിച്ചത് പട്ടിണി മാറ്റാനോ, ഭൂമി നല്‍കാനോ, വീട് നല്‍കാനോ അല്ലെന്ന് സി.പി.ഐ എം സമ്മതിക്കുകയാണ്.ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധപതനമാണിത്. മാന്യതയുണ്ടെങ്കില്‍ നിലപാട് വ്യക്തമാക്കാന്‍ സി.പി.ഐ. എമ്മിലെ ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post