Mon. May 6th, 2024

‘സ്ത്രീകള്‍ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമയല്ല’; കുടുംബകോടതി വിധി പുരുഷാധിപത്യപരം; രൂക്ഷമായി വിമര്‍ശിച്ച്‌ കേരള ഹൈകോടതി

By admin Oct 20, 2023
Keralanewz.com

കൊച്ചി: സ്ത്രീകള്‍ അവരുടെ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന് കേരള ഹൈകോടതി. വിവാഹമോചന കേസില്‍ കുടുംബ കോടതി നടത്തിയ പുരുഷാധിപത്യ നിരീക്ഷണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു കേരള ഹൈകോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതായിരുന്നു പരാമര്‍ശം. വിവാഹമോചനത്തിനായി ഭാര്യ നല്‍കിയ പരാതിയെ കാലങ്ങള്‍ കൊണ്ട് സംഭവിക്കുന്ന സാധാരണ വിരക്തിയാണെന്നായിരുന്നു കുടുംബ കോടതി പരാമര്‍ശിച്ചത്. വിവാഹ ജീവിതത്തിന്‍റെ വിശുദ്ധി സംരക്ഷിച്ചുകൊണ്ട് ഇരുവരും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെക്കണമെന്നും തൃശൂരിലെ കുടുംബകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കുടുംബകോടതിയുടെ നിരീക്ഷണങ്ങള്‍ അങ്ങേയറ്റം പുരുഷാധിപത്യപരമാണെന്നും നിലവിലെ സാഹചര്യങ്ങള്‍ ഇപ്രകാരമല്ല മുന്നോട്ടുപോകുന്നതെന്നും ഹൈകോടതി വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ തന്‍റെ അമ്മക്കും ഭര്‍തൃമാതാവിനും എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാൻ യുവതിയെ കോടതി വിളിപ്പിച്ചിരുന്നുവെന്ന് ഭര്‍ത്താവിന് വേണ്ടി വാദിച്ച അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒരു സ്ത്രീയുടെ തീരുമാനം അവരുടെ അമ്മയെയോ അമ്മായിഅമ്മയുടെയോ വാക്കുകളാല്‍ സ്വാധീനിക്കപ്പെടേണ്ടതില്ലെന്നും സ്ത്രീ ആരുടെയും അടിമയല്ലെന്നും കോടതി വ്യക്തമാക്കി. കോടതിക്ക് പുറത്തുവെച്ച്‌ തീര്‍പ്പാക്കാവുന്ന വിഷയമാണെന്ന അഭിഭാഷകന്‍റെ പരാമര്‍ശത്തെയും കോടതി വിമര്‍ശിച്ചു. യുവതിയും കോടതിക്ക് പുറത്തുവെച്ച്‌ വിഷയം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ മാത്രമേ ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്‍റിന് അനുമതി നല്‍കൂവെന്ന് കോടതി പറഞ്ഞു.

“യുവതിക്ക് അവരുടേതായ തീരുമാനമുണ്ട്. നിങ്ങള്‍ അവളെ കെട്ടിയിട്ട് മരുന്ന് നല്‍കാനാണോ ഉദ്ദേശിക്കുന്നത്? ഇതുകൊണ്ട് തന്നെയാണ് യുവതി നിങ്ങളെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മാന്യതയോടെ പെരുമാറൂ, മനുഷ്യനായിരിക്കൂ” എന്നും കോടതി ഭര്‍ത്താവിനോട് പറഞ്ഞു.

കൊട്ടാരക്കര കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസ് തലശ്ശേരി കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഭര്‍തൃവീട്ടിലെ പീഡനങ്ങളാലും മറ്റ് പ്രശ്നങ്ങളാലും കുഞ്ഞിനോടൊപ്പം യുവതി മാഹിയിലെ പിതൃവീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കേസ് തലശ്ശേരി കോടതിയിലേക്ക് മാറ്റാൻ യുവതി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കരുതെന്നും പ്രായമായ തന്‍റെ അമ്മക്ക് കേസിലെ വാദത്തിനായി തലശ്ശേരി വരെയെത്താൻ സാധിക്കില്ല എന്നുമായിരുന്നു ഭര്‍ത്താവിന്‍റെ ആവശ്യം. യുവതിയുടെ ആവശ്യം പരിഗണിച്ച കോടതി അമ്മയ്ക്ക് ആവശ്യമെങ്കില്‍ വീഡിയോ കോണ്‍ഫറൻസിലൂടെ വാദത്തില്‍ പങ്കെടുക്കാമെന്നും നിരീക്ഷിച്ചു.

Facebook Comments Box

By admin

Related Post