Tue. May 7th, 2024

‘ചാണകത്തിൽ ‘ പ്രതീക്ഷ അർപ്പിച്ച് കോണ്‍ഗ്രസ്; മോദിയുടെ തണലില്‍ ബി.ജെ.പി

By admin Oct 29, 2023
Keralanewz.com

ആദിവാസി, കര്‍ഷക, സ്ത്രീകള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ വോട്ടായിമാറി വീണ്ടും അധികാരത്തില്‍ എത്താമെന്ന വിശ്വാസത്തിലാണ് ഛത്തിസ്ഗഢില്‍ ഭൂപേഷ് ഭാഘേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. കൂടാതെ ചാണകത്തെ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയും.

‘അബ്കി ബാര്‍, പചത്തര്‍ പാര്‍’ (ഇത്തവണ 75 സീറ്റ് മറികടക്കും) എന്നതാണ് കോണ്‍ഗ്രസിന്റെ പ്രചാരണ മുദ്രാവാക്യം. സംസ്ഥാനത്ത് ബി.ജെ.പി സൃഷ്ടിച്ച ഹിന്ദുത്വ രാഷ്ട്രീയ വെല്ലുവിളി, സര്‍ക്കാര്‍ സ്വീകരിച്ച പ്രദേശികവാദത്തിലൂന്നിയും മൃദുഹിന്ദുത്വ സമീപനത്തിലൂടെയും തടയിടാൻ കഴിഞ്ഞെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.

മോദിയുടെ നേട്ടം പറഞ്ഞാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാല് സിറ്റിങ് എം.പിമാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെയെല്ലാം ബി.ജെപി ഇക്കുറി മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്.

ഭൂപേഷ് ഭഘേലിന് കേരളത്തില്‍ നിന്നടക്കം ഏറെ പരിഹാസങ്ങളും ഹിന്ദുത്വം പിന്തുടരുന്നുവെന്ന ആക്ഷേപങ്ങളും കേള്‍ക്കേണ്ടി വന്ന പദ്ധതികളിലൊന്നായിരുന്നു 2020ല്‍ ആരംഭിച്ച ചാണകം ശേഖരിക്കല്‍. എന്നാല്‍, പദ്ധതിയില്‍ ഛത്തിസ്ഗഢിലെ ആദിവാസികളും സ്ത്രീകളും കര്‍ഷകരും ഏറെ സന്തുഷ്ടരാണ്.

പ്രതിദിനം മൂന്ന് ലക്ഷത്തോളം വരുന്ന സ്ത്രീകളാണ് ചാണകം ശേഖരിച്ച്‌ വരുമാന മാര്‍ഗം കണ്ടെത്തുന്നത്. കിലോക്ക് രണ്ട് രൂപ നിരക്കില്‍ ചാണകം ശേഖരിക്കുന്ന സര്‍ക്കാര്‍ ഇത് പെയിന്റ്, വളം, അണുനശീകരണ ലായനി എന്നിവക്കായി ഉപയോഗിച്ച്‌ പുതിയ തൊഴില്‍ മേഖല സൃഷ്ടിക്കുകയും ചെയ്തു.

കടം എഴുതിത്തള്ളല്‍, നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കല്‍, ഖാരിഫ് വിളകളുടെ ഉല്‍പാദന സബ്സിഡി തുടങ്ങിയ ക്ഷേമ പദ്ധതികളിലൂടെ കാര്‍ഷിക മേഖലയില്‍ ഉണ്ടായ സാമ്പത്തിക ഉണര്‍വ് പ്രധാനനേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു.

18 ലക്ഷം കര്‍ഷകരുടെ 9,000 ത്തിലധികം കോടിയിലധികം രൂപയാണ് എഴുതിത്തള്ളിയത്. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2,600 രൂപയായി ഉയര്‍ത്തി. ഖാരിഫ് വിളകള്‍ക്ക് 22 കോടിയുടെ ഉല്‍പാദന സബ്സിഡിയും നല്‍കി. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ നെല്ലിന്റെ താങ്ങുവില 3,600 രൂപയായി ഉയര്‍ത്തുമെന്നും കാര്‍ഷിക കടം വീണ്ടും എഴുതിത്തള്ളുമെന്നും ഭൂപേഷ് ഭാഘേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബസ്തര്‍, സര്‍ഗുജ ആദിവാസിമേഖല തൂത്തുവാരിയാണ് 2018ല്‍ 90 ല്‍ 71 എന്ന വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. കാര്യമായ ക്ഷേമപദ്ധതികള്‍ നടപ്പാക്കിയതായി കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്.

ബീഡിയുണ്ടാക്കാൻ ആദിവാസികള്‍ കാടുകളില്‍നിന്നും ശേഖരിക്കുന്ന ഇലകള്‍ക്ക് നല്‍കിയ ഉയര്‍ന്ന താങ്ങുവില, ഉള്‍ക്കാടുകളില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനം, സ്വകാര്യ സ്കൂളുകളിലെ ഉയര്‍ന്ന ഫീസ് തടയിടാൻ ഉന്നത നിലവാരത്തില്‍ 750ലധികം സര്‍ക്കാര്‍ ഇംഗ്ലീഷ്-ഹിന്ദി മീഡിയം സ്കൂളുകള്‍, എൻജിനീയറിങ്, മെഡിക്കല്‍, മത്സരപരീക്ഷകള്‍ക്ക് വേണ്ടി സൗജന്യ കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചത് തുടങ്ങിയവയാണ് പ്രധാന നേട്ടമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. ഇവയെല്ലാം വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് പറയുന്നു.

കേന്ദ്രപദ്ധതികള്‍ നടപ്പാകാതിരിക്കല്‍, അഴിമതി തുടങ്ങി 61 വിഷയങ്ങള്‍ ഉയര്‍ത്തിയും ഹിന്ദുത്വ അജണ്ടയില്‍ ഊന്നിയും ആദിവാസികള്‍ക്കിടയിലെ മതപരിവര്‍ത്തനം വര്‍ഗീയവത്കരിച്ചും മാവോയിസ്റ്റ് തളര്‍ച്ചക്കുള്ള അവകാശം ഏറ്റെടുത്തുമാണ് ബി.ജെ.പി കോണ്‍ഗ്രസിനെ നേരിടുന്നത്. മോദി, അമിത്ഷാ, യോഗി ആദിത്യനാഥ്, ഹേമന്ദ് ശര്‍മ അടക്കമുള്ള താരപ്രചാരകരും ബി.ജെ.പിക്കു വേണ്ടി സംസ്ഥാനത്ത് എത്തുന്നുണ്ട്.

വിമത ശല്യം ഇരുപാര്‍ട്ടികള്‍ക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. പുറമെ ആം ആദ്മി പാര്‍ട്ടി, സര്‍വ് ആദിവാസി ദള്‍, ഗോണ്ടുവാന ഗന്ദൻത്ര പാര്‍ട്ടി, ബി.എസ്.പി, അജിത് ജോഗിയുടെ ജെ.സി.സി, സമാജ് വാദി പാര്‍ട്ടി, ഇടത് പാര്‍ട്ടികളുടെ സാന്നിധ്യം തുടങ്ങിയവ ജയ പരാജയങ്ങളെ സ്വാധീനിക്കും.

Facebook Comments Box

By admin

Related Post