Tue. May 14th, 2024

പ്രശസ്ത സംഗീതജ്ഞ ഡോ.ലീല ഓംചേരി അന്തരിച്ചു

By admin Nov 2, 2023
Keralanewz.com

പ്രശസ്ത സംഗീതജ്ഞയും ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപികയുമായിരുന്ന ഡോ.ലീല ഓംചേരി (94) അന്തരിച്ചു. ബുധാനാഴ്ച വൈകിട്ടോടെ ഡല്‍ഹി അശോക് വിഹാറിലെ വീട്ടില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചു.

പ്രശസ്ത നാടകകൃത്ത് ഓംചേരി എന്‍ എന്‍ പിള്ളയുടെ ഭാര്യയാണ്. 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ പരേതരായ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായി ജനിച്ചു. പ്രശസ്ത ഗായകന്‍ പരേതനായ കമുകറ പുരുഷോത്തമന്റെ മൂത്ത സഹോദരിയാണ്. കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എംഎയും പിഎച്ച്‌ഡിയും നേടി. ഡല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു.

ക്ലാസിക്കല്‍ കലാരൂപങ്ങളെക്കുറിച്ചുള്ള നിരവധി ഗവേഷണഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരളത്തിലെ ലാസ്യരചനകള്‍, ദി ഇമ്മോര്‍ട്ടല്‍സ് ഓഫ് ഇന്ത്യന്‍ മ്യൂസിക്(ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം), ഗ്ലീനിങ്സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്ട് സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് അലൈഡ് ആര്‍ട്ട്സ്‌എന്നിവയാണു പ്രധാന കൃതികള്‍.

മക്കള്‍: ശ്രീദീപ് ഓംചേരി (ഡി.സി.എം. ശ്രീറാം കണ്‍സോളിഡേറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍), ദീപ്തി ഓംചേരി ഭല്ല (ഡല്‍ഹി സര്‍വകലാശാല സംഗീത വിഭാഗം റിട്ട. പ്രൊഫസര്‍). കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പ് (1990), പദ്മശ്രീ (2009),യു.ജി.സി.യുടെ നാഷണല്‍ അസോഷ്യേറ്റ് അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post