Tue. May 14th, 2024

വരിക്കാരുടെ സമ്മതമില്ലാതെ പരസ്യം പാടില്ല, പിഴയൊടുക്കേണ്ടിവരും! ജിയോയ്ക്കും എയര്‍ടെലിനും മുന്നറിയിപ്പുമായ് ട്രായ്

By admin Nov 10, 2023
Keralanewz.com

വരിക്കാരുടെ സമ്മതമില്ലാതെ അ‌വര്‍ക്ക് പരസ്യ കോളുകളും എസ്‌എംഎസുകളും എത്തിയാല്‍ ടെലിക്കോം കമ്പനികൾ പിഴയൊടുക്കേണ്ടിവരുമെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (ട്രായി).

ഇക്കാര്യം ഇതിനകംതന്നെ ടെലിക്കോം കമ്പനികെളെ അ‌റിയിച്ചിട്ടുള്ളതാണെങ്കിലും അടുത്തിടെ ഒരു സുപ്രധാന ഉത്തരവിലൂടെ ട്രായി ഇക്കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു.

അടുത്തിടെ പുറപ്പെടുവിച്ച ഒരു സുപ്രധാന ഉത്തരവില്‍, പ്രമോഷണല്‍ കോളുകള്‍ സംബന്ധിച്ച്‌ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കായി ട്രായ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവും അവതരിപ്പിച്ചു. ഇത് പ്രകാരം, ഇന്ത്യയിലെ സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകള്‍ ഇപ്പോള്‍ വരിക്കാര്‍ക്ക് പ്രൊമോഷണല്‍ അല്ലെങ്കില്‍ സ്പാം സന്ദേശങ്ങള്‍ അയയ്‌ക്കും മുമ്ബ് അവരില്‍ നിന്ന് വ്യക്തമായ സമ്മതം നേടേണ്ടതുണ്ട്

വരിക്കാരുടെ അ‌നുമതി ഇല്ലാതെയാണ് സ്പാം കോളുകളും എസ്‌എംഎസുകളും അ‌യയ്ക്കുന്നത് എങ്കില്‍ കനത്ത പിഴ അ‌ടയ്ക്കേണ്ടിവരുമെന്നും ട്രായി വ്യക്തമാക്കുന്നു. പ്രമോഷണല്‍ കോളുകള്‍ വര്‍ധിച്ചതോടെ വരിക്കാരുടെ പരാതികളും വര്‍ധിച്ചിരുന്നു. ഇതിന്റെ അ‌ടിസ്ഥാനത്തിലാണ് പരസ്യകോളുകളും എസ്‌എംഎസുകളും മറ്റും തടയാനായി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രായി അടുത്തിടെ ഡിജിറ്റല്‍ കണ്‍സന്റ് അക്വിസിഷൻ (ഡിസിഎ) പ്രോഗ്രാം അവതരിപ്പിച്ചു.

പ്രമോഷണല്‍ കണ്ടന്റുകള്‍ അയയ്‌ക്കുന്നതിന് മുമ്ബ് ഇന്ത്യയിലെ ടെലിക്കോം വരിക്കാരില്‍ നിന്ന് നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ വ്യക്തമായ സമ്മതം വാങ്ങണമെന്ന് ഡിസിഎ പ്രോഗ്രാം നിര്‍ദേശിക്കുന്നു. വരിക്കാരുടെ സമ്മതം കൈകാര്യം ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നതിന് മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഏകീകൃത പ്ലാറ്റ്ഫോം നടപ്പിലാക്കണമെന്നും ഡിസിഎ പ്രോഗ്രാം അ‌നുശാസിക്കുന്നു.

പ്രമോഷണല്‍ കോളുകള്‍ സംബന്ധിച്ച്‌ മുൻപ് തന്നെ ട്രായി ജിയോ, എയര്‍ടെല്‍, വിഐ എന്നിവ അ‌ടക്കമുള്ള ടെലിക്കോം കമ്ബനികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. 2023 ജൂണ്‍ 2- മുതല്‍ ഈ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ഉത്തരിവിട്ടു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് ടെലിക്കോം കമ്ബനികള്‍ പ്രമോഷണല്‍ കോളുകള്‍ തുടര്‍ന്നു.

മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ടെല്ലിനും വിഐക്കും ട്രായി ഒരു കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രായ് ഇപ്പോള്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പരസ്യ കോളുകള്‍ അ‌യയ്ക്കണമെങ്കില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഇപ്പോള്‍ ഓരോ ഏജൻസി അടിസ്ഥാനത്തില്‍ ഉപയോക്താവിന്റെ സമ്മതം ആവശ്യമാണ്.

ട്രായിയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്‌, പ്രൊമോഷണല്‍ ഉള്ളടക്കവുമായി ഒരു ടെലിക്കോം വരിക്കാരനെ ബന്ധപ്പെടാൻ ഒരു ഏജൻസി ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ആദ്യം ടെലിക്കോം ഓപ്പറേറ്റര്‍ വഴി ഉപയോക്താവിന്റെ അനുമതി തേടണം. വരിക്കാരന്റെ സമ്മതം ഉറപ്പാക്കുന്നതിന്, ടെലിക്കോം ഓപ്പറേറ്റര്‍മാര്‍ ഉപയോക്താക്കള്‍ക്ക് 127xxx എന്ന് ആരംഭിക്കുന്ന ഒരു ഹ്രസ്വ യുണീക്ക് കോഡ് അടങ്ങിയ എസ്‌എംഎസ് അയയ്ക്കും.

സമ്മത അഭ്യര്‍ത്ഥനയുടെ ഉദ്ദേശ്യം, സമ്മതം തേടുന്നതിന്റെ വ്യാപ്തി, അഭ്യര്‍ത്ഥിക്കുന്ന ബ്രാൻഡിന്റെയോ ഏജൻസിയുടെയോ ഐഡന്റിറ്റി എന്നിവ ഈ എസ്‌എംഎസില്‍ വിശദീകരിക്കും. സമ്മതം നല്‍കുകയോ നിരസിക്കുകയോ ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ ഈ എസ്‌എംഎസിനോട് പ്രതികരിക്കേണ്ടതുണ്ട്. സമ്മതം നിരസിച്ചാല്‍, ആ ഉപയോക്താവിന് പരസ്യ സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ നിന്ന് ടെലിക്കോം ഓപ്പറേറ്റര്‍ ബന്ധപ്പെട്ട ഏജൻസിയെ തടയും.

ഒരിക്കല്‍ സമ്മതം നല്‍കിയാലും പിന്നീട് അ‌ത് നിരാകരിക്കാനും വരിക്കാരന് അ‌വകാശമുണ്ട്. അ‌തിനായി, മുമ്ബ് നല്‍കിയ സമ്മതം എളുപ്പത്തില്‍ പിൻവലിക്കാൻ കഴിയുന്ന ഒരു ഓണ്‍ലൈൻ പോര്‍ട്ടല്‍ സൃഷ്ടിക്കാനും ട്രായി ടെലിക്കോം ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിക്കുന്നു. “ടി.സി.സി.സി.പി.ആര്‍.-2018-ന് കീഴില്‍ വിഭാവനം ചെയ്തിട്ടുള്ള നടപടികള്‍ അനുസരിച്ചാണ് ഡിജിറ്റല്‍ കണ്‍സന്റ് അക്വിസിഷൻ പ്രക്രിയയ്ക്ക് ഉപഭോക്താക്കളുടെ സമ്മതം തേടാനും അസാധുവാക്കാനും സൗകര്യം ഒരുക്കുക.

ഈ പുതിയ നിയന്ത്രണം ഉടനടി പ്രാബല്യത്തില്‍ വരും, ടെലിക്കോം ഓപ്പറേറ്റര്‍മാര്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടനടി പാലിക്കണം. ഈ വിജ്ഞാപനത്തിന് മുമ്ബ് ലഭിച്ച ഏതൊരു സമ്മതവും അസാധുവാണെന്നും ട്രായ് വ്യക്തമാക്കുന്നു. സ്പാം കോളുകളും എസ്‌എംഎസുകളും തിരിച്ചറിയാനും തടയാനും കഴിയുന്ന ട്രായി ഡിഎൻഡി 3.0 എന്ന ആപ്പും ട്രായ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ട്രായി ഡിഎൻഡി 3.0 ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അനാവശ്യമായ പ്രൊമോഷണല്‍ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാൻ ഈ ആപ്പ് ഉപയോഗപ്പെടുത്താൻ വരിക്കാര്‍ക്ക് സാധിക്കും. പ്രശ്‌നം പരിഹരിക്കാൻ ട്രായ് പിന്നീട് ബന്ധപ്പെട്ട മൊബൈല്‍ കാരിയറുമായി സഹകരിക്കും.

Facebook Comments Box

By admin

Related Post