Tue. May 14th, 2024

റോബിന് വൻ തിരിച്ചടി;ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ല; പിഴ ചുമത്താമെന്ന് ഹൈക്കോടതി

By admin Nov 26, 2023
Keralanewz.com

കൊച്ചി: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് സ്റ്റേജ് ക്യാരേജ് ആയി സർവ്വീസ് നടത്താനാകില്ലെന്ന് ഹൈക്കോടതി.

ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട- കോയമ്ബത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ റോബിന്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച നടപടികള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പിഴ ചുമത്തിയതിനെതിരെ കൊല്ലത്തെ പുഞ്ചിരി ബസിന്റെ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉണ്ട് എന്ന് കരുതി സ്റ്റേജ് ക്യാരേജ് ആയി വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ കഴിയില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇത്തരത്തില്‍ സര്‍വീസ് നടത്തിയാല്‍ മോട്ടോര്‍ വാഹന നിയമ ലംഘനം ചൂണ്ടിക്കാട്ടി വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന് പിഴ ചുമത്താവുന്നതാണ്. ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. 50 ശതമാനം പിഴ ഇപ്പോള്‍ തന്നെ അടയ്ക്കണം. ബാക്കി പിഴ കേസിന്റെ തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ മതിയെന്നും കോടതി വ്യക്തമാക്കി.

പുഞ്ചിരി ട്രാവല്‍സ് കൊല്ലത്ത് നിന്നും കൊട്ടിയത്ത് നിന്നും ബംഗളൂരുവിലേക്ക് ബസ് സര്‍വീസ് നടത്തുന്നുണ്ട്. പെര്‍മിറ്റ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഈ സര്‍വീസിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയിരുന്നു.ഇതിനെതിരെ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Facebook Comments Box

By admin

Related Post