Fri. May 17th, 2024

സീറോ മലബാർ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ നേരിട്ട് ഇടപെട്ട് വത്തിക്കാൻ

Keralanewz.com

കൊച്ചി : ഏകീകൃത കുര്‍ബാനയെച്ചൊല്ലി സീറോ മലബാർ സഭയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ വീണ്ടും വത്തിക്കാൻ്റെ ഇടപെടല്‍.

എറണാകുളം – അങ്കമാലി രൂപതയിൽ വിശ്വസികളും ഒരു കൂട്ടം വൈദികരും ചേരിതിരിഞ്ഞ് നിലനില്‍ക്കവേ ഉടലെടുത്ത പ്രശ്നങ്ങള്‍ വത്തിക്കാൻ നിരിക്ഷിച്ചു വരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി കര്‍ദിനാള്‍ ‘ലിയോ പോള്‍ ജെറലി, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നേരിട്ടു കൂടിക്കാഴ്ച നടത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിനുള്ളില്‍ വച്ചായിരുന്നു കൂടികാഴ്ച. കൂടിക്കാഴ്ചക്കുശേഷം വത്തിക്കാൻ പ്രതിനിധി മറ്റൊരു വിമാനത്തില്‍ ഉടൻ തന്നെ മടങ്ങുകയും ചെയ്തു.

വത്തിക്കാന്റെ നിര്‍ദ്ദേശങ്ങളടങ്ങിയ രണ്ട് കത്തുകള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക്, വത്തിക്കാൻ പ്രതിനിധി കൈമാറിയിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയില്‍ മാറ്റത്തിന് നിര്‍ദേശം നല്‍കുന്ന വിവരങ്ങള്‍ കത്തില്‍രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഒപ്പം മാര്‍ ആൻഡ്രൂസ് താഴത്തിനെ ചുമതലയില്‍ നിന്ന് മാറ്റി പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനുള്ള തീരുമാനവും കൈമാറിയ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്നാണ് ലഭിക്കുന്ന സൂചന. ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍, ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് ജോസ് പുത്തൻ വീട്ടില്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

വത്തിക്കാൻ പ്രതിനിധിയുടെ കത്ത് സിനഡ് ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ തീരുമാനം ഉടൻ ഉണ്ടായേക്കും. എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലകളിൽ നിന്ന് കര്‍ദ്ദിനാര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഉടൻ മാറിയേക്കുമെന്നാണ് സൂചന. ജനുവരിയില്‍ കാക്കനാട് മൗണ്ട് സെൻ്റ് തോമസില്‍ ചേരുന്ന സിനഡ് യോഗത്തില്‍ ഈ ആവശ്യം ഉയര്‍ന്നേക്കും. അതേസമയം,എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത സമ്മേളനത്തെ തള്ളി സഭാ നേതൃത്വം രoഗത്തെത്തി. സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷം ഈ മാസം 21ന് നടത്താൻ ആഹ്വാനം നല്‍കി മാര്‍ ആൻഡ്രൂസ് താഴത്ത് സര്‍ക്കുലര്‍ പുറത്തിറക്കി. ഈ മാസം പത്തിന് വിമത വിഭാഗം ശതാബ്ദി ആഘോഷം നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് സഭയുടെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

Facebook Comments Box

By admin

Related Post