Sat. May 4th, 2024

പിണറായി വിജയൻ സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടകരോട് ചെയ്യുന്നത് പരമദ്രോഹം: കെ.സുരേന്ദ്രൻ

By admin Dec 11, 2023
Keralanewz.com

പത്തനംതിട്ട: പരമദ്രോഹമാണ് പിണറായി വിജയൻ സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടകരോട് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിക്കാൻ സര്‍ക്കാരിന് മടിയില്ലെങ്കിലും അവഗണന തുടരുകയാണെന്നും പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. തീര്‍ത്ഥാടകര്‍ക്ക് നരകയാതനയാണ് അനുഭവിക്കേണ്ടി വരുന്നത്. ദേവസ്വംബോര്‍ഡ് പൂര്‍ണപരാജയമാണ്. കുടിവെള്ളം പോലും കിട്ടാതെ കുഞ്ഞു മാളികപ്പുറം കുഴഞ്ഞുവീണ് മരിക്കുന്ന സാഹചര്യം പോലുമുണ്ടായില്ല. കുടിവെള്ളം കിട്ടാതെ തീര്‍ത്ഥാടകര്‍ വലയുന്നത് അധികൃതരുടെ മുനുഷ്യത്വരഹിതമായ സമീപനം കാരണമാണ്. പരിചയമില്ലാത്ത പൊലീസുകാരെ പതിനെട്ടാംപടിയില്‍ നിയമിച്ചത് തിരക്ക് വര്‍ദ്ധിക്കാൻ കാരണമായി. മിനുട്ടില്‍ 80 മുതല്‍ 100 വരെ അയ്യപ്പൻമാരെ പതിനെട്ടാംപടി കയറ്റിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 40 പേരെയൊക്കെയാണ് കയറ്റുന്നത്. പോലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ ശീതസമരമാണ് യഥാര്‍ത്ഥ പ്രശ്നത്തിന് കാരണം. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊന്നും സന്നിധാനത്തില്ല.

കാത്തിരിപ്പ് കേന്ദ്രങ്ങളും വിശ്രമ മന്ദിരങ്ങളുമില്ല. മാളികപ്പുറങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യം പോലുമില്ല. പമ്ബയും നിലയ്ക്കലും സന്ദര്‍ശിച്ച ബിജെപി സംഘം സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്താത്തതും അടിസ്ഥാന പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. അന്നദാനവും കുടിവെള്ളവും അയ്യപ്പഭക്തൻമാര്‍ക്ക് നല്‍കിയിരുന്ന സന്നദ്ധ സംഘടനകളെ ഹോട്ടല്‍ ലോബിക്ക് വേണ്ടി സര്‍ക്കാര്‍ വിലക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ ഭക്തര്‍ക്ക് വെള്ളവും ഭക്ഷണവും ലഭിക്കാത്ത സാഹചര്യമുണ്ടായത്. നവകേരള സദസ് നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ശബരിമല തീര്‍ത്ഥാടനം അലങ്കോലമായതിനെ പറ്റി സംസാരിക്കുന്നില്ല. ഒരു മന്ത്രിയേയോ അല്ലെങ്കില്‍ ഉദ്യോഗസ്ഥനെയോ സന്നിധാനത്തിലേക്ക് അയക്കാനോ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. 60 ദിവസം കൊണ്ട് കോടിക്കണക്കിന് രൂപയുടെ റവന്യു സര്‍ക്കാരിന് ഉണ്ടാക്കി കൊടുക്കുന്ന ശബരിമല തീര്‍ത്ഥാടനം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇനിയും ഇത് തുടര്‍ന്നാല്‍ വലിയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ദേശീയ കൗണ്‍സില്‍ അംഗം വിക്ടര്‍ ടി തോമസ് എന്നിവര്‍ സംബന്ധിച്ചു.

Facebook Comments Box

By admin

Related Post