Sun. May 19th, 2024

ഫണ്ട് തിരിമറി: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേശക സമിതിയെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

By admin Dec 13, 2023
Keralanewz.com

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഫണ്ട് തിരിമറി നടത്തിയ ക്ഷേത്രം ഉപദേശക സമിതിയെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു.

ഉപദേശക സമിതിയുടെ പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെ 7 അംഗങ്ങളെയാണ് ദേവസ്വം ബോര്‍ഡ് പുറത്താക്കിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഫണ്ട് തിരിമറിയിലാണ് ഏഴ് പേര്‍ക്കുമെതിരെ നടപടി.

നേരത്തെത്തന്നെ ഉപദേശക സമിതിയിലെ അഞ്ച് പേര്‍ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച്‌ രാജിവക്കുകയും ദേവസ്വം കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ അഴിമതി കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏഴുപേര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.

ക്ഷേത്രത്തിലെ 2023 ഉത്സവകാലത്തെ വരവ് ചെലവ് കണക്കില്‍ വന്‍ അഴിമതി നടന്നെന്നാണ് ആരോപണം. 20 ലക്ഷം രൂപയുടെ രസീത് അടിച്ച്‌ പിരിവ് നടത്തിയെന്നാണ് പ്രധാന ആരോപണം. രണ്ട് കലാപരിപാടിക്ക് മാത്രം തുച്ഛമായ തുക നല്‍കിയ ഉപദേശക സമിതി, മറ്റ് കാലാ പരിപാടികളും അന്നദാനവും പൂജയും സ്‌പോണ്‍സര്‍ മുഖേനയാണ് നടത്തിയതെന്നും ആരോപണമുണ്ട്.

ഉപദേശക സമിതി പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് ഏകദേശം എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് സമിതിയില്‍ നിന്ന് രാജിവച്ചവരുടെ ആരോപണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മേജര്‍ ക്ഷേത്രമാണ് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ദേവസ്വം അസിസ്റ്റന്റ് കമീഷണറുടെ ഓഫീസ് ഉള്‍പ്പെടെ പ്രവര്‍ത്തിച്ചു വരുന്ന ക്ഷേത്രത്തിലാണ് ഉപദേശകസമിതി ക്രമക്കേട് നടത്തിയത്.

ഉപദേശക സമിതിയില്‍ നിന്നും രാജിവച്ച്‌ പുറത്ത് പോയ അംഗങ്ങള്‍ വേവസ്വം വിജിലന്‍സിനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും ദേവസ്വം മന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തില്‍ ഓഡിറ്റ് നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടെ പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.

Facebook Comments Box

By admin

Related Post