Sun. May 5th, 2024

വാഹനത്തിന് മുന്നില്‍ ചിലര്‍ ചാടിവീണു ; അവരെ പോലീസുകാര്‍ തടയുന്നത് കണ്ടു ; ഗണ്‍മാനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി

By admin Dec 16, 2023
Chief Minister Pinarayi Vijayan. Photo: Manorama
Keralanewz.com

ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ആലപ്പുഴയില്‍ നടന്നത് തന്റെ അംഗരക്ഷകര്‍ തനിക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ഇടപെട്ടതാണെന്ന് വിശദീകരിച്ച്‌ മുഖ്യമന്ത്രി.

നാടിന്റെ പൊതു താല്പര്യത്തിന് വിരുദ്ധരായി നില്‍ക്കുന്ന പ്രതിപക്ഷത്തെ വിമര്‍ശിക്കാതെ ചില മാധ്യമങ്ങള്‍ കണ്ണടച്ച്‌ ഇരുട്ടാക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇന്നലെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും അംഗരക്ഷരും ചേര്‍ന്ന് കെ എസ് യു പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തിലാണ് ഗണ്‍മാനെയും അംഗരക്ഷകരേയും മുഖ്യമന്ത്രി ന്യായീകരിച്ചത്. വാഹനത്തിന് മുന്നില്‍ ചിലര്‍ ചാടി വീണു. അവരെ തടയുന്നത് കണ്ടു. പൊലീസുകാരാണ് തടഞ്ഞതെന്നും പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നടപടികള്‍ക്കെതിരെ സംസ്ഥാനം ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യത്തില്‍ പ്രതിപക്ഷം വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. അതാണോ സ്വീകരിക്കേണ്ട സമീപനമെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേന്ദ്രത്തിനെതിരേ സുപ്രീം കോടതിയില്‍ വരെ പോയിരിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തിന്. സംസ്ഥാനത്തിനു വേണ്ടി ഒന്നിച്ചു നില്‍ക്കണം എന്ന് എല്ലാവരോടും പ്രതിപക്ഷത്തോട് പ്രത്യേകമായും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നിങ്ങളുമായി ഒരു യോജിപ്പുമില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഇത് നാടിന്റെ പ്രശ്നമാണെന്നും ഏതെങ്കിലും ഒരു മുന്നണിക്കുവേണ്ടിയല്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിന് അര്‍ഹതപ്പെട്ട 107500 കോടി രൂപയോളമാണ് കിട്ടാനുള്ളത്. ഇതിന് വേണ്ടി പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടതല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. നവകേരള സദസ്സിന്റെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാവും. കൈതവനയില്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ – സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ മര്‍ദ്ദിച്ചിരുന്നു.

Facebook Comments Box

By admin

Related Post