Wed. May 8th, 2024

ഇന്ധന വില കുറയ്ക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല; കേന്ദ്രമന്ത്രി

By admin Jan 7, 2024
Keralanewz.com

ഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി.

ക്രൂഡ് ഓയില്‍ വില അടിസ്ഥാനമാക്കിയാണ് ഇന്ധനവില കുറയ്ക്കുന്നത്. തിരഞ്ഞടുപ്പ് വരും പോകും. അതടിസ്ഥാനമാക്കിയല്ല വില കുറക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലിന് അനുസരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പല ഘട്ടങ്ങളിലായി പരമാവധി സഹായം നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ വാറ്റ് കുറയ്ക്കാന്‍ തയ്യാറാകാത്തതാണ് കേരളത്തിലെ പ്രതിസന്ധി. പല സംസ്ഥാനങ്ങളും മദ്യവും ഇന്ധനവുമാണ് പ്രധാന വരുമാന മാര്‍ഗമായി കാണുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.പുതുവര്‍ഷത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകളില്‍ വലിയ ഇടിവ് ഉണ്ടായേക്കുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയം നീക്കം നടത്തുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.പെട്രോള്‍ ഡീസലില്‍ വിലയില്‍ ഏകദേശം 10 രൂപയോളം കുറയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്ന് ഉടന്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്.

ഓരോ സംസ്ഥാന സര്‍ക്കാരും വ്യത്യസ്തമായ നികുതികളും സെസും ചുമത്തുന്നതിനാല്‍ വാഹന ഇന്ധനത്തിന്റെ വിലകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും.രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്ന് അക്കത്തിലാണ്. കോവിഡ് മഹാമാരിയും റഷ്യ-ഉക്രെയ്ന്‍ യുദ്ധവും മൂലമുണ്ടായ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതിലേക്ക് നയിച്ച ഒരു ഘട്ടത്തില്‍ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു. എന്നിരുന്നാലും, നിലവില്‍, ആഗോള ക്രൂഡ് വില കുത്തനെ ഇടിയുകയാണ്. ഇതും ആഭ്യന്തര ഇന്ത്യന്‍ വിപണിയില്‍ വില കുറയ്ക്കാന്‍ സര്‍ക്കാരിനെ സഹായിക്കും.

Facebook Comments Box

By admin

Related Post