Sun. May 19th, 2024

മൂന്നു വയസുകാരിയെ ആക്രമിച്ച സിംഹവാലന്‍ കുരങ്ങിനെ പിടികൂടി

By admin Jan 10, 2024
Keralanewz.com

ചെറുതോണി: മക്കുവള്ളിയില്‍ മൂന്നു വയസുകാരിയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച സിംഹവാലന്‍ കുരങ്ങിനെ വനംവകുപ്പ്‌ പിടികൂടി.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളിക്കു സമീപം വനാതിര്‍ത്തിയില്‍ സ്‌ഥാപിച്ച കൂട്ടില്‍ കുരങ്ങ്‌ അകപ്പെട്ടു. സിംഹവാലനെ ആകര്‍ഷിക്കാന്‍ പപ്പായ, വാഴപ്പഴം തുടങ്ങിയവ കൂടിനുള്ളില്‍ നിക്ഷേപിച്ചിരുന്നു.
കഴിഞ്ഞ ഒന്നിനാണ്‌ മക്കുവള്ളി നെല്ലിക്കുന്നേല്‍ ഷിജു പോളിന്റെ മൂന്നു വയസുള്ള മകള്‍ നിത്യയെ സിംഹവാലന്‍ കുരങ്ങ്‌ ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്‌. വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുരങ്ങ്‌ ആക്രമിക്കുകയായിരുന്നു. പുറത്തും കാലിലും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. പിന്നീട്‌ ജനങ്ങള്‍ നടത്തിയ ശക്‌തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ്‌ കുരങ്ങിനെ പിടികൂടാന്‍ കൂട്‌ സ്‌ഥാപിച്ചത്‌.
വേളൂര്‍ സെക്‌ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ ജോയി തോമസ്‌, കെ.എം. നൗഷാദ്‌, കെ.എ. ബാബു എന്നിവരും നാട്ടുകാരും ചേര്‍ന്നാണു സിംഹവാലന്‍ കുരങ്ങിനെ പിടികൂടിയത്‌. തുടര്‍ന്ന്‌ കുരങ്ങിനെ കഞ്ഞിക്കുഴി മൃഗാശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധനകള്‍ നടത്തി. പിന്നീട്‌ വേളൂര്‍ വന്യജീവി വിഭാഗം ഓഫീസിലേക്കു കൊണ്ടുപോയി. സിംഹവാലന്റെ ആവാസ വ്യവസ്‌ഥയ്‌ക്ക്‌ അനുയോജ്യമായ തേക്കടിയിലോ വാഴച്ചാലിലോ തുറന്നുവിടാനാണ്‌ വനംവകുപ്പ്‌ അധികൃതരുടെ തീരുമാനം.

Facebook Comments Box

By admin

Related Post