Sat. May 18th, 2024

കര്‍ണാടകയില്‍ വീണ്ടും ‘ഓപ്പറേഷൻ താമര?; സവാദിയും ബിജെപിയിലേക്ക് മടങ്ങിയേക്കും, ഒപ്പം കോണ്‍ഗ്രസ് എംഎല്‍എമാരും?

By admin Jan 27, 2024 #bjp #congress
Keralanewz.com

ബെംഗളൂരു: കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാർ ബി ജെ പിയിലേക്ക് മടങ്ങി പോയത്.

ഡല്‍ഹിയില്‍ പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. ഇപ്പോഴിതാ ഷെട്ടാറിന് പിന്നാലെ ബി ജെ പി വിട്ടെത്തിയ ലക്ഷ്മണ്‍ സവാദിയും മടക്കത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍. മറ്റൊരു ‘ഓപ്പറേഷൻ ലോട്ടസിന്’കളമൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായിരിക്കുകയാണ്.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ബി ജെ പി മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വിശ്വസ്തനായ ലക്ഷമണ്‍ സവാദി ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് മുതിർന്ന ലിംഗായത്ത് നേതാവ് കൂടിയായ സവാദിയുടെ കൂടുമാറ്റം. പിന്നാലെ കോണ്‍ഗ്രസ് ടിക്കറ്റില്‍ അത്താനി മണ്ഡലത്തില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.

അതേസമയം ഷെട്ടാറിന്റെ മടക്കത്തോടെ സവാദിയും ഇപ്പോള്‍ ബി ജെ പിയിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഷെട്ടാറിനൊപ്പം തന്നെ സവാദിയുമായി ബി ജെ പി ആർ എസ് എസ് നേതൃത്വം ചർച്ച നടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഈശ്വരപ്പ അടക്കമുള്ളവരാണ് സവാദിയേയും തിരികെയെത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നതെന്നാണ് സൂചന.

സവാദിയും മടങ്ങിയാല്‍ അതില്‍ യാതൊരു അത്ഭുതമില്ലെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങളോട് കോണ്‍ഗ്രസ് നേതാക്കളും പ്രതികരിക്കുന്നത്. എന്നാല്‍ ചില ആശങ്കകളും നേതാക്കള്‍ പങ്കിടുന്നുണ്ട്. അദ്ദേഹം കോണ്‍ഗ്രസില്‍ തുടർന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ചില കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു മന്ത്രിയടക്കം പല നേതാക്കളേയും സവാദി ഇത്തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും നേതാക്കള്‍ വെളിപ്പെടുത്തുന്നു. 2019 ല്‍ കോണ്‍ഗ്രസ്-‍‍ജെഡിഎസ് സർക്കാരിനെ താഴെയിറക്കാൻ ചുക്കാൻ പിടിച്ച ബി ജെ പി നേതാക്കളില്‍ ഒരാളായിരുന്നു സവാദി.

അതേസമയം മടങ്ങി പോകുമെന്ന വാർത്തകള്‍ തള്ളി സവാദി രംഗത്തെത്തിയിട്ടുണ്ട്. തന്നെ പാർട്ടിയിലേക്ക് വീണ്ടും ക്ഷണിക്കുന്നുണ്ടെന്നും എന്നാല്‍ ബി ജെ പിയിലേക്ക് മടങ്ങാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും സവാദി വ്യക്തമാക്കി. ’20-25 വർഷത്തോളം ബിജെപിയില്‍ പ്രവർത്തിച്ചത് കൊണ്ട് തന്നെ പാർട്ടിയില്‍ എനിക്ക് മുതിർന്ന നേതാക്കളും സുഹൃത്തുക്കളും അനുഭാവികളും ഉണ്ട്, പക്ഷേ ഞാൻ തീരുമാനം എടുത്തുകഴിഞ്ഞു, ഇനി കോണ്‍ഗ്രസ് വിടുന്ന യാതൊരു പ്രശ്നവുമില്ല’, സവാദി പറഞ്ഞു.
ലോക്സഭാ ഇലക്ഷൻ പടിവാതിൽക്കൽ എത്തി നിൽക്കുന്ന സമയത്തുണ്ടാകുന്ന കൂറുമാറ്റങ്ങൾ കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് . പ്രിയങ്ക ഗാന്ധി മത്സരിക്കാനെത്തുമെന്ന് കരുതുന്ന കർണ്ണാടകയിലുണ്ടാകുന്ന സംഭവ വികാസങ്ങളെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.

Facebook Comments Box

By admin

Related Post