Tue. May 14th, 2024

ഗവര്‍ണര്‍ നിയമസഭയെ അപമാനിച്ചു; അത് ചങ്കൂറ്റംപറയാനുള്ള പിണറായിക്ക് ഇല്ലെന്ന് കെ. മുരളീധരൻ

By admin Jan 27, 2024
Keralanewz.com

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റില്‍ നിർത്തിപ്പോയ ഗവർണർ നിയമസഭയെ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ.

ഗവർണർ സഭയെ അവഹേളിച്ചുവെന്ന് പറയാനുള്ള ധൈര്യം പിണറായിക്ക് നഷ്ടപ്പെട്ടു. നയപ്രഖ്യാപനത്തില്‍ കേന്ദ്ര വിരുദ്ധ കാഴ്ചപ്പാടില്ല. ഗവർണർ ഇത്രയേറെ മോശമായി പെരുമാറിയിട്ടും പിണറായി ചിരിച്ച്‌ നില്‍ക്കുകയാണ്. ഗവർണറും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. എങ്കിലും മുഖ്യമന്ത്രിയോട് മുഖം വീർപ്പിച്ചിരിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ പറഞ്ഞു.

ഓരോ ആഴ്ചയിലും ഡല്‍ഹിയില്‍ പോയി വരുന്നയാള്‍ക്ക് പ്രസംഗം വായിക്കാതിരിക്കാനുള്ള ആരോഗ്യ പ്രശ്നം ഒന്നുമില്ല. കേരള സർക്കാരും കേന്ദ്രവുമായുള്ള അന്തർധാര ശക്തമാണ്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ താൻ അടക്കമുള്ള എം പിമാരെ സമരത്തിന് വിളിച്ചത് ഇപ്പോള്‍ സെമിനാറായി മാറി. മോദി താഴെ ഇറങ്ങുന്നത് വരെ കേന്ദ്രവിരുദ്ധ സമരമില്ല എന്ന് പിണറായി തീരുമാനിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് വിമർശിച്ചു.

ഇന്‍ഡ്യാ മുന്നണിയില്‍ പ്രതിസന്ധിയില്ല. ചില സീറ്റുകളില്‍ പരസ്പര മത്സരം ഉണ്ടാകും. ബംഗാളിലും കേരളത്തിലും ആണ് പ്രശ്നം. ബംഗാളില്‍ പാർട്ടി ശ്രമിക്കുന്നുണ്ട്. ഇന്‍ഡ്യാ മുന്നണിയില്‍ നിന്നും നിതീഷ് കുമാറിനെ പുറത്താക്കിയിട്ടില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

കണ്ണൂർ ഒഴികെയുള്ള എല്ലാ സീറ്റിലും സിറ്റിംഗ് എം പി മാർ തന്നെ മത്സരിക്കുമെന്നാണ് ധാരണ. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നും കെ മുരളീധരൻ പ്രതികരിച്ചു. വടകരയിലെ ചുവരെഴുത്ത് പ്രവർത്തകരുടെ ആവേശംകൊണ്ടാണ്. അത് തണുപ്പിക്കേണ്ടതില്ല. വടകരയില്‍ യുഡിഎഫ് ബുക്ക്ഡ് എന്നെഴുതാൻ പറഞ്ഞു.

Facebook Comments Box

By admin

Related Post