ക്ഷേമപെന്‍ഷന്‍ കുടിശിക: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് നിയമസഭയില്‍ ആയുധമാക്കി പ്രതിപക്ഷം. അടുത്തമാസം അവസാനത്തിനകം കുടിശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് അവര്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി.
പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി. പ്രതിഷേധം വകവയ്‌ക്കാതെ സ്‌പീക്കര്‍ നടപടികളുമായി മുന്നോട്ടുപോയതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ക്ഷേമപെന്‍ഷനില്‍ 18 മാസം കുടിശികയുണ്ടായിരുന്നെന്ന ആരോപണത്തില്‍ സഭയില്‍ ചൂടേറിയ വാക്കേറ്റവും ഉണ്ടായി. ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യ ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തുകൊണ്ടല്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ടുള്ള പി.സി. വിഷ്‌ണുനാഥിന്റെ നോട്ടീസിലെ ചര്‍ച്ചയിലാണ് സഭ ഇളകിമറിഞ്ഞത്.
മന്ത്രിയുടെ മറുപടിക്കും പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിനും ശേഷം പൊടുന്നനെ പ്രതിപക്ഷം കറുത്ത പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സ്‌പീക്കറുടെ മുഖം മറച്ചുപിടിച്ച് അവര്‍ പ്രതിഷേധം തുടങ്ങി. ഇതിനിടയില്‍ സ്‌പീക്കര്‍ ശ്രദ്ധക്ഷണിക്കലിലേക്കു കടന്നു. തുടര്‍ന്ന് ഉപക്ഷേപങ്ങളും പൂര്‍ത്തിയാക്കി നന്ദിപ്രമേയ ചര്‍ച്ചയിലേക്ക് കടക്കുകയും ചെയ്‌തു. മന്ത്രിസഭ രാജിവയ്‌ക്കണമെന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യം മുഴക്കിനിന്ന പ്രതിപക്ഷം നന്ദിപ്രമേയ ചര്‍ച്ച ആരംഭിച്ചതോടെ ബഹിഷ്‌കരണം പ്രഖ്യാപിച്ച് പുറത്തിറങ്ങി.