Tue. May 21st, 2024

പിണറായിയെ പോലെ മദ്യമാഫിയകളുടെയോ മാസപ്പടിക്കാരുടെ കൂടെയോ അല്ല ഞാന്‍ ഭക്ഷണം കഴിച്ചത്: വിവാദത്തില്‍ വിശദീകരണവുമായി കെ.സുരേന്ദ്രന്‍

By admin Feb 21, 2024
Keralanewz.com

കോഴിക്കോട്: എസ്.സി, എസ്.ടി നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുമെന്ന നോട്ടീസ് വിവാദത്തില്‍ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

എസ്.സി, എസ്.ടി നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുമെന്ന് പറയുന്നത് തെറ്റായ കാര്യമാണോ? ഞാന്‍ ക്രൈസ്തവ സഭാ നേതാക്കള്‍ക്കും ധീവര സഭാ നേതാക്കള്‍ക്കും വിശ്വകര്‍മ്മ നേതാക്കള്‍ക്കുമെല്ലാമൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇന്നു രാവിലെയും മുസ്ലീം പള്ളിയില്‍ പോയിട്ടാണ് വന്നത്. അവിടെ നിന്ന് ഭക്ഷണം കഴിച്ചു. ഇതെല്ലാം എല്ലാ ദിവസവും നടക്കുന്ന പരിപാടികളുടെ ഭാഗമാണ്.

പതിമൂന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ സംഘടനകളാണ് ഇന്നലെ കോഴിക്കോട് ഞങ്ങളുടെ പരിപാടിയില്‍ വന്നത്. അവരാരും ബിജെപി പ്രവര്‍ത്തകരല്ല. ആ പട്ടിക ജാതി, പട്ടിക വര്‍ഗ നേതാക്കള്‍ക്കൊപ്പമാണ് ഇന്നലെ ഉച്ചഭക്ഷണം കഴിച്ചത്. അതിലെനിക്ക് അഭിമാനമേ ഉള്ളൂ.

പിണറായി വിജയനെ പോലെ ഇവിടെയുള്ള പാറമട മുതലാളിമാരുടെയോ മദ്യ മാഫിയകളുടെയോ, മാസപ്പടിക്കാരുടെ കൂടെയോ അല്ല ഞാന്‍ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും കഴിച്ചത്. എസ്. സി, എസ് ടി നേതാക്കള്‍ക്കൊപ്പം ഞാന്‍ നാളെയും ഭക്ഷണം കഴിക്കും. എന്റെ എല്ലാ യാത്രകളിലും എസ്.സി, എസ്.ടി നേതാക്കളും പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമുണ്ട്. അവരോടൊപ്പമെല്ലാം താന്‍ ഭക്ഷണം കഴിക്കും.

ഇന്നലെ മാറാട് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ കൂടെയാണ് ഭക്ഷണം കഴിച്ചത്. ഇന്ന് നെയ്ത്തുകാരുടെ കൂടെയാണ് ഭക്ഷണം കഴിച്ചത്. അതെന്താ തെറ്റായ കാര്യമാണോയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

Facebook Comments Box

By admin

Related Post