Mon. May 6th, 2024

കരുവന്നൂര്‍ അന്വേഷണം വിപുലമാക്കുന്നു , മൊയ്‌തീനെ വീണ്ടും ചോദ്യംചെയ്യും

By admin Feb 22, 2024
Keralanewz.com

കൊച്ചി: കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പു കേസില്‍ മുന്‍മന്ത്രി എ.സി. മൊയ്‌തീനെ വീണ്ടും ചോദ്യംചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.).

സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ്‌ പ്രസിഡന്റുമായ എം.കെ. കണ്ണനേയും ചോദ്യംചെയ്യും. ഇവര്‍ക്ക്‌ ഉടന്‍ നോട്ടീസ്‌ നല്‍കും. ഇതിനു മുന്നോടിയായി തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ്‌ ഡേവിസ്‌ കാടയ്‌ക്ക്‌ ഇ.ഡി. നോട്ടീസയച്ചു. അടുത്താഴ്‌ച ഹാജരാകാനാണു നിര്‍ദേശം. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മധു അമ്ബലപ്പുരത്തെയും വിളിപ്പിക്കും.
കേസില്‍ നേരത്തെ ഇ.ഡി. ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷം ചില നടപടികള്‍ ഉണ്ടായെങ്കിലും പിന്നീട്‌ ഇതില്‍ കാലതാമസം നേരിട്ടു. ആദ്യഘട്ട കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ അമ്ബത്തഞ്ചോളം പേരാണുള്ളത്‌. ഇ.ഡിയുടെ പുതിയ നീക്കത്തിലൂടെ കൂടുതല്‍ നേതാക്കളിലേക്ക്‌ അന്വേഷണം നീളുന്നുവെന്നാണ്‌ വ്യക്‌തമാകുന്നത്‌.
ബാങ്കിലെ കോടികള്‍ വരുന്ന നിക്ഷേപങ്ങള്‍ 2016-2018 കാലത്ത്‌ അനധികൃത വായ്‌പ നല്‍കി തട്ടിപ്പു നടത്തിയെന്നാണു കേസ്‌. 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു. അന്നു സഹകരണ മന്ത്രിയായിരുന്ന എ.സി. മൊയ്‌തീന്‍ ഇതിനു കൂട്ടുനിന്നെന്നാണ്‌ ആരോപണം.
മുന്‍ സഹകരണ രജിസ്‌ട്രാര്‍മാര്‍, കരുവന്നൂര്‍ തട്ടിപ്പിന്റെ പേരില്‍ സി.പി.എമ്മില്‍നിന്നു പുറത്താക്കിയ ജില്ലാ കമ്മിറ്റിയംഗം സി.കെ. ചന്ദ്രന്‍, പ്രധാന പ്രതികളായ ബാങ്ക്‌ മുന്‍മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ്‌ സി.കെ. ജില്‍സ്‌, പ്രധാന പ്രതിയായ മുന്‍ സെക്രട്ടറി സുനില്‍കുമാറിന്റെ അച്‌ഛന്‍ എന്നിവരും തട്ടിപ്പില്‍ മൊയ്‌തീനു പങ്കുണ്ടെന്നു മൊഴി നല്‍കിയതായി ഇ.ഡി. പറയുന്നു.

Facebook Comments Box

By admin

Related Post