Mon. May 20th, 2024

എം.ജി. കലോത്സവം: വരതെളിഞ്ഞ്‌ തേവര

By admin Mar 1, 2024
Keralanewz.com

കോട്ടയം: വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ തേവര. പിന്നാലെ വന്നു പിടിച്ചെടുക്കാന്‍ സെന്റ്‌ തെരേസാസ്‌. പൊള്ളുന്ന വെയിലില്‍, പതിഞ്ഞ താളത്തില്‍ മുന്നേറുന്ന എം.ജി.

സര്‍വകലാശാല കലോത്സവത്തില്‍ നാലാം ദിനവും തേവര എസ്‌.എച്ച്‌. കോളജ്‌ മുന്നില്‍. 42 പോയിന്റാണു തേവരയ്‌ക്ക്‌. എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജ്‌ 31 പോയിന്റുമായി രണ്ടാമതുണ്ട്‌. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. (24 പോയിന്റ്‌), എറണാകുളം മഹാരാജാസ്‌ (20) എന്നിവയാണു മുന്‍ നിരയിലുള്ള മറ്റു കോളജുകള്‍. ആദ്യ ദിവസങ്ങളില്‍ മികച്ച മത്സരം കാഴ്‌ചവച്ച കാലടി ശ്രീശങ്കരാചാര്യ കോളജ്‌ 16 പോയിന്റുമായി അല്‍പം പിന്നിലായി.
പൊള്ളുന്ന ചൂടും നീളുന്ന മത്സരക്രമവുമാണ്‌ പല വേദികളെയും വിരസമാക്കുന്നത്‌. തിരുനക്കര മൈതാനത്തെ വേദിയില്‍ പോലും പലപ്പോഴും നിറഞ്ഞ സദസുണ്ടാകുന്നില്ല. മത്സരം കാണാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നതും അസ്വസ്‌ഥത സൃഷ്‌ടിക്കുന്നുണ്ട്‌.
ഇന്നു തിരുനക്കര മൈതാനത്തു നടക്കുന്ന നാടോടി നൃത്തം (ഗ്രൂപ്പ്‌), ബസേലിയോസ്‌ കോളജില്‍ നടക്കുന്ന ഓട്ടന്‍ തുള്ളല്‍ തുടങ്ങിയവയ്‌ക്കു കൂടുതല്‍ കാഴ്‌ചക്കാരുണ്ടാകുമെന്നാണു പ്രതീക്ഷ. ഏറെ കാണികളുള്ള ഒപ്പന നാളെയാണ്‌.

അതിജീവനത്തിന്റെ ആനന്ദമാണ്‌ അര്‍ജുന്‌ നൃത്തം

കോട്ടയം: അഞ്ചു വര്‍ഷം വേദനയോടെ കൂടെ നിന്ന മാരകരോഗത്തെ തൂത്തെറിഞ്ഞ അര്‍ജുന്‌ ഇന്നു നൃത്തമാണ്‌ ജീവന്‍. പത്തനംതിട്ട സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്‍ഡ്‌ അപ്ലൈഡ്‌ സയന്‍സിലെ രണ്ടാം വര്‍ഷ ബിഎസ്‌.സി. കമ്ബ്യൂട്ടര്‍ സയന്‍സ്‌ വിദ്യാര്‍ഥിയായ ആര്‍. അര്‍ജുനാണ്‌ അര്‍ബുദത്തെ അതിജീവിച്ചു നൃത്തത്തെ ജീവിതത്തിന്റെ ഭാഗമാക്കി മുന്നോട്ടുകൊണ്ടുപോകുന്നത്‌. ശാസ്‌ത്രീയമായി നൃത്തം പഠിക്കാതെ യൂട്യൂബിനെ ഗുരുവാക്കിയാണ്‌ പ്രയാണം. കഴിഞ്ഞ വര്‍ഷം എം.ജി. സര്‍വകലാശാല കലോത്സവത്തില്‍ നാടോടി നൃത്തം അവതരിപ്പിച്ചു. ഈ വര്‍ഷം നാടോടിനൃത്തത്തിലും കുച്ചിപ്പുടിയിലും മാറ്റുരച്ചു.
രണ്ടര വയസിലായിരുന്നു രോഗം തിരിച്ചറിയുന്നത്‌. തുടര്‍ന്ന്‌ അഞ്ചു വര്‍ഷത്തോളം ചികിത്സയുടെയും മരുന്നുകളുടെയും കാലം. തിരുവനന്തപുരം ആര്‍.സി.സിയിലെ നീണ്ട ചികിത്സയുടെ ഭാഗമായാണ്‌ രോഗം ഭേദമായത്‌. അഞ്ചാം ക്ലാസ്‌ മുതല്‍ നൃത്ത ഇനങ്ങളുമായി വേദികള്‍ കീഴടക്കി. ശാസ്‌ത്രീയമായി പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. രാജന്‍-അനിത ദമ്ബതികളുടെ മകനാണ്‌.

ഒരു മുന്‍ തിലകത്തിന്റെ കലോത്സവക്കാഴ്‌ചകള്‍

കോട്ടയം: സ്വന്തം നാട്ടില്‍ കലോത്സവം നടക്കുമ്ബോള്‍ ഒരു മുന്‍ തിലകത്തിനു വന്നുകാണാതിരിക്കാന്‍ കഴിയുമോ? 2009-10 ല്‍ കുസാറ്റ്‌ കലോത്സവത്തിലെ കലാതിലകമായിരുന്ന ശ്രുതിബാലയാണ്‌ യുവ പ്രതിഭകള്‍ക്കു പ്രോത്സാഹനവുമായി എത്തിയത്‌. സിനിമാ-സീരിയല്‍ നടിയും നര്‍ത്തകിയുമാണ്‌ കോട്ടയത്തിന്റെ സ്വന്തം ശ്രുതിബാല.
കലോത്സവത്തിലെ നൃത്ത ഇനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്നു ശ്രുതി പറഞ്ഞു. “ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ വാശിയോടെ മത്സരിക്കുന്നതു കാണുമ്ബോള്‍ കോളജ്‌ കാലത്തേക്കു തിരിച്ചുപോകുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം എന്നിവയാണ്‌ ഇഷ്‌ട ഇനങ്ങള്‍”-അവര്‍ പറഞ്ഞു.
കുടമാളൂര്‍ സ്വദേശിനിയായ ശ്രുതി കോട്ടയം കേന്ദ്രീകരിച്ചു പുതിയ സ്‌കൂള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ്‌. ഭര്‍ത്താവ്‌ പ്രവീണും പഠനകാലത്തു കലാപ്രതിഭയായിരുന്നു.

വേദിയില്‍ ഇന്ന്‌

തിരുനക്കര മൈതാനം
കോല്‍ക്കളി -9:00
നാടോടിനൃത്തം (ഗ്രൂപ്പ്‌)-5:00
സി.എം.എസ്‌. കോളജ്‌
വെസ്‌റ്റേണ്‍ മ്യൂസിക്‌ -9:00
പ്രസംഗം (മലയാളം)-900
മറ്റ്‌ ശാസ്‌ത്രീയ നൃത്തങ്ങള്‍ -7:00
ബസേലിയോസ്‌ കോളജ്‌
വയലിന്‍ ഈസ്‌റ്റേണ്‍-9:00
ശാസ്‌ത്രീയ സംഗീതം(ട്രാന്‍സ്‌ജെന്‍ഡര്‍) -9:00
ശാസ്‌ത്രീയ സംഗീതം (ആണ്‍) -10:00
ഓട്ടന്‍തുള്ളല്‍ -7:00
ബി.സി.എം. കോളജ്‌
താളവാദ്യം (ഈസ്‌റ്റേണ്‍)-9:00
തത്സമയ പെയിന്റിങ്‌ -9:00
പോസ്‌റ്റര്‍ ഡിസൈനിങ്ങ്‌ – 3:00
താളവാദ്യം (വെസ്‌റ്റേണ്‍)-8:00

Facebook Comments Box

By admin

Related Post