Wed. May 15th, 2024

ഭാരത്‌ ജോഡോ ന്യായ്‌ യാത്രയുടെ സമാപനം: പിണറായി വിജയനു ക്ഷണമില്ല

By admin Mar 11, 2024
Chief Minister Pinarayi Vijayan. Photo: Manorama
Keralanewz.com

ന്യൂഡല്‍ഹി : ബി.ജെ.പി വിരുദ്ധപ്രതിപക്ഷ ഐക്യത്തിന്റെ വേദിയായേക്കാവുന്ന ഭാരത്‌ ജോഡോ ന്യായ്‌ യാത്രയുടെ സമാപനചടങ്ങിലേക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ ക്ഷണമില്ല.

ചടങ്ങിലേക്ക്‌ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരും തമിഴ്‌നാട്‌, പശ്‌ചിമബംഗാള്‍, ഝാര്‍ഖണ്‌ഡ്‌, ഡല്‍ഹി, പഞ്ചാബ്‌ മുഖ്യമന്ത്രിമാരും ഇന്ത്യാ മുന്നണിയിലെ എല്ലാ അംഗങ്ങളുടെയും അധ്യക്ഷന്‍മാരും ഉള്‍പ്പെടും. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റിനിര്‍ത്തിയത്‌ കേരളത്തിലെ സവിശേഷ രാഷ്‌ട്രീയ സാഹചര്യത്താലാണെന്ന്‌ വിലയിരുത്തല്‍. കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണു ഭാരത്‌ ജോഡോ ന്യായ്‌ യാത്രയ്‌ക്കു നേതൃത്വം നല്‍കുന്നത്‌. അദ്ദേഹവും സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഇത്തവണ കേരളത്തില്‍നിന്ന്‌ ജനവിധി തേടുന്നത്‌.
ഈ മാസം 17ന്‌ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടക്കുന്ന സമാപന പൊതു റാലിയിലേക്ക്‌ ഇന്ത്യ മുന്നണിയുടെ എല്ലാ നേതാക്കളെയും വിളിക്കാനാണു കോണ്‍ഗ്രസ്‌ തീരുമാനം. വേദിയില്‍ ഇന്ത്യ മുന്നണിക്ക്‌ കീഴിലുള്ള 26 കക്ഷികളുടെയും പ്രധാനനേതാക്കളെയും കക്ഷികളുടെ മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിക്കും. സമാപന ചടങ്ങ്‌ നടക്കുമ്ബോഴേക്കും തെരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചിരിക്കും. ഈ സാഹചര്യത്തില്‍ ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ പ്രചാരണങ്ങള്‍ക്ക്‌ ശക്‌തികൂട്ടാനും വേദിപങ്കിടല്‍കൊണ്ട്‌ കഴിയുമെന്ന്‌ കോണ്‍ഗ്രസ്‌ കണക്കുകൂട്ടുന്നു.
സമാപന റാലി ഇന്ത്യയില്‍ സമീപകാലത്ത്‌ നടന്ന ഏറ്റവും വലിയ റാലിയായിരിക്കുമെന്നും എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്കും പ്രതിപക്ഷമുന്നണി നേതാക്കള്‍ക്കും ക്ഷണക്കത്ത്‌ അയച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ പറഞ്ഞു. പ്രതിപക്ഷ ഐക്യം വിളിച്ചോതുകയും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കം കുറിക്കുകയും ചെയ്യുന്ന വന്‍ റാലി ആയിരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്‌തമാക്കി.
രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര നിലവില്‍ ഗുജറാത്തില്‍ പര്യടനം നടത്തിവരികയാണ്‌. ഗോധ്ര റെയില്‍വേ സ്‌റ്റേഷന്‌ സമീപം ഇന്നലെ പ്രവര്‍ത്തകരെ രാഹുല്‍ അഭിസംബോധനചെയ്‌തു. നാലുദിവസം കൊണ്ട്‌ ഏഴുജില്ലകളില്‍ പര്യടനം നടത്തിയ ശേഷം ഗുജറാത്തിലെ പര്യടനം ഇന്നലെ സമാപിച്ചു.
യാത്രയുടെ ഏകോപനത്തിനും സമാപന പരിപാടിയുടെ നടത്തിപ്പിനുമായി കോണ്‍ഗ്രസ്‌ രണ്ട്‌ കമ്മിറ്റികള്‍ രൂപീകരിച്ചു. മഹാരാഷ്‌ട്ര കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ നാനാ പട്ടോലെക്കും നിയമസഭയിലെ പ്രതിപക്ഷ നേതാവ്‌ വിജയ്‌ വഡേത്തിവാറിനുമാണ്‌ സമാപന ചടങ്ങിന്റെ ചുമതല.
നാളെ നന്ദുര്‍ബാര്‍ ജില്ലയിലൂടെ മഹാരാഷ്‌ട്രയില്‍ പ്രവേശിക്കുന്ന യാത്ര ധൂലെ, നാസിക്‌, പാല്‍ഘര്‍, താനെ ജില്ലകളിലൂടെയാണ്‌ മുംബൈയില്‍ എത്തുക.

Facebook Comments Box

By admin

Related Post