Tue. May 7th, 2024

കേരളത്തിന്റെ സാമ്ബത്തിക പ്രതിസന്ധി; പാക്കേജ് ഉണ്ടോ? ഇന്നറിയാം

By admin Mar 13, 2024
Keralanewz.com

ന്യൂഡല്‍ഹി: കേരളം നേരിടുന്ന സാമ്ബത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ മാർച്ച്‌ 31-നകം ഒറ്റത്തവണ പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി.

വിശാലമനസ്സോടെ വിഷയത്തെ സമീപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആദ്യം എതിർപ്പുന്നയിച്ചെങ്കിലും ബുധനാഴ്ച രാവിലെ പത്തരയോടെ തീരുമാനമറിയിക്കാമെന്ന് കേന്ദ്ര സർക്കാരിനായി അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എൻ. വെങ്കിട്ടരാമൻ പറഞ്ഞു.

ഏപ്രില്‍ ഒന്നിനു അടിയന്തരസഹായമായി 5,000 കോടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും അടുത്ത 10 ദിവസത്തെ പ്രതിസന്ധിയാണ് കണക്കിലെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി നിർദേശം കോടതി തള്ളി.

അവകാശപ്പെട്ട കേന്ദ്രഫണ്ടുകള്‍ അനുവദിക്കണമെന്ന ഹർജിയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യർഥന പരിഗണിച്ച കോടതി ബുധനാഴ്ച വാദംകേള്‍ക്കാമെന്നും അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കടമെടുപ്പ് ചർച്ച പരാജയപ്പെട്ടു

ന്യൂഡല്‍ഹി: ധനപ്രതിസന്ധി മറികടക്കാൻ സുപ്രീംകോടതിനിർദേശപ്രകാരം കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കേരളം വീണ്ടും കോടതിയിലെത്തിയത്.

കടമെടുപ്പുപരിധിക്കപ്പുറം രക്ഷാപാക്കേജാണ് കേരളം ചോദിക്കുന്നതെന്ന് അഡീഷണല്‍ സോളിസിറ്റർ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. രക്ഷാപാക്കേജിനുള്ള മറ്റുസംസ്ഥാനങ്ങളുടെ അഭ്യർഥന നിരസിച്ചിരുന്നെന്നും കേരളത്തിനുമാത്രം നല്‍കുന്നത് വേർതിരിവാകുമെന്നും കേന്ദ്രം വാദിച്ചു. 10 ദിവസംകൂടി കേരളം പിടിച്ചുനിന്നാല്‍ സാമ്ബത്തികവർഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നിന് 5000 കോടി അടിയന്തരമായി നല്‍കാമെന്നും കേന്ദ്രം അറിയിച്ചു.

എന്നാല്‍, അടുത്ത സാമ്ബത്തിക വർഷത്തെ കാര്യമല്ല അടുത്ത 10 ദിവസത്തെ പ്രതിസന്ധിയാണ് പ്രശ്നമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. തത്കാലം സഹായിക്കണമെന്നും ആ തുക അടുത്ത സാമ്ബത്തികവർഷത്തെ കണക്കില്‍ ഉള്‍പ്പെടുത്താനും കോടതി നിർദേശിച്ചു. സംസ്ഥാനത്തെ സഹായിക്കാനുള്ള കേന്ദ്രത്തിന്റെ സത്യസന്ധമായ ഉദ്ദേശ്യത്തെ സംശയിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഒറ്റത്തവണ പാക്കേജ് എന്ന നിലയില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ എത്ര രൂപ നല്‍കാമെന്നതടക്കം ബുധനാഴ്ച തീരുമാനമറിയിക്കാമെന്ന് എ.എസ്.ജി. വ്യക്തമാക്കി.

19,351 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരസിച്ചതായും സംസ്ഥാനമറിയിച്ചു. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ ഹാജരായി. 15-ാം ധനകാര്യ കമ്മിഷൻ പ്രകാരം നല്‍കേണ്ട വിഹിതവും വിവിധ കേന്ദ്ര പദ്ധതികളുടെ തുകയും അനുവദിക്കുക, കടമെടുക്കല്‍ പരിധിയിലെ കേന്ദ്രമാനദണ്ഡങ്ങള്‍ ഇളവുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ കേസ് പിൻവലിക്കണമെന്ന വ്യവസ്ഥയില്‍ കേരളത്തിന് 13,608 കോടി രൂപ അധികവായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.

കൊടുക്കാൻ ഒട്ടേറെ, കിട്ടിയത് 5000 കോടി

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: കേരളത്തിന് ചൊവ്വാഴ്ച 5,000 കോടി കടം കിട്ടി. പണം ബുധനാഴ്ച ട്രഷറിയില്‍ എത്തും. അതിരൂക്ഷമായ സാമ്ബത്തികപ്രതിസന്ധി കാരണം ഒട്ടേറെ ബില്ലുകള്‍ തടഞ്ഞുവെച്ചിട്ടുണ്ട്. ഇതില്‍ അത്യാവശ്യമുള്ള ചെലവുകള്‍ക്ക് ഈ പണം വിനിയോഗിക്കാമെന്നത് സർക്കാരിന് നേരിയ ആശ്വാസം നല്‍കുന്നതാണ്. ട്രഷറി നിയന്ത്രണത്തില്‍ ചെറിയതോതില്‍ അയവ് വരുത്തിയിട്ടുണ്ട്.

കരാറുകാർക്കുമാത്രം 3000 കോടി കൊടുക്കാനുണ്ട്. അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകളില്‍ 1800 കോടി രൂപയാണ് കുടിശ്ശിക. ചെറുകിട കരാറുകാരുടെ അഞ്ചുലക്ഷത്തില്‍താഴെയുള്ള ബില്ലുകളില്‍ 1200 കോടിയും കൊടുക്കാനുണ്ട്. ഇതിനുപുറമേ, ഒരുമാസത്തെ ക്ഷേമപെൻഷൻ നല്‍കാൻ 825 കോടി രൂപ വേണം. ജനത്തിന് ആശ്വാസമാകേണ്ട ഒട്ടേറെ പദ്ധതികളുടെ ബില്ലുകളിലും പണം നല്‍കാനുണ്ട്.

ചൊവ്വാഴ്ച റിസർവ് ബാങ്ക് നടത്തിയ കടപ്പത്രങ്ങളുടെ ലേലത്തില്‍ കേരളത്തിന് 1000 കോടി രൂപ പത്തുവർഷത്തേക്ക് 7.39 ശതമാനം പലിശയ്ക്കും 2000 കോടി രൂപ 20 വർഷത്തേക്ക് 7.38 ശതമാനം പലിശയ്ക്കും ലഭിച്ചു. മറ്റൊരു 2000 കോടി രൂപ മുപ്പതുവർഷത്തേക്ക് 7.36 ശതമാനത്തിനാണ് ലഭിച്ചത്.

ശമ്ബളം വൈകിയതിനെത്തുടർന്ന് ട്രഷറിയില്‍ ചെക്കുകള്‍ മാറുന്നതിന് 50,000 രൂപ പരിധി നിശ്ചയിച്ചിരുന്നു. ഇത് ഒഴിവാക്കി. മാർച്ച്‌ മൂന്നിന് മുമ്ബുള്ളവിധം ഇടപാടുകള്‍ തുടരാമെന്നാണ് ഉത്തരവ്. നിയന്ത്രണം ഒഴിവാക്കിയിട്ടുള്ള ഇനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മൂന്നുമുതല്‍ അഞ്ചുവരെ പാസാക്കാം.

Facebook Comments Box

By admin

Related Post