Sun. May 19th, 2024

വിജ്‌ഞാപനമായി; ശബരിമല വിമാനത്താവളത്തിന്‌ 1000.28 ഹെക്‌ടര്‍ ഏറ്റെടുക്കും

By admin Mar 14, 2024
Keralanewz.com

കോട്ടയം: ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിനു സംസ്‌ഥാന സര്‍ക്കാര്‍ വിജ്‌ഞാപനമിറക്കി. 1000.28 ഹെക്‌ടര്‍ ഭൂമിയാണു വിമാനത്താവള നിര്‍മാണത്തിനായി ഏറ്റെടുക്കുക.

ആക്ഷേപമുള്ളവര്‍ 15 ദിവസത്തിനുള്ളില്‍ അറിയിക്കണം. പ്രദേശത്തു ബിസിനസ്‌ നടത്തുന്നവര്‍ക്കും വീട്‌ നഷ്‌ടമാകുന്ന കുടുംബങ്ങള്‍ക്കും വ്യക്‌തികള്‍ക്കും 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം മതിയായ നഷ്‌ടപരിഹാരം ഉറപ്പാക്കുമെന്നു വിജ്‌ഞാപനത്തിലുണ്ട്‌. 47 സര്‍വേ നമ്ബരുകളില്‍നിന്നായി 441 കൈവശങ്ങളാണ്‌ ഏറ്റെടുക്കുന്നത്‌.
എരുമേലി തെക്ക്‌, മണിമല വില്ലേജുകളിലെ 19, 21, 22, 23 ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട സ്‌ഥലങ്ങളാണ്‌ ഏറ്റെടുക്കുക. എരുമേലി തെക്ക്‌ വില്ലേജിലെ ബ്ലോക്ക്‌ നമ്ബര്‍ 22 ല്‍ ഉള്‍പ്പെട്ട 281, 282, 283 സര്‍വേ നമ്ബരുകള്‍ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക്‌ നമ്ബര്‍ 21ല്‍ ഉള്‍പ്പെട്ട 299 സര്‍വേ നമ്ബരില്‍പ്പെട്ട 2264.09 ഏക്കര്‍ സ്‌ഥലവും ചെറുവള്ളി എസ്‌റ്റേറ്റില്‍നിന്ന്‌ ഏറ്റെടുക്കും.
ഏറ്റെടുക്കുന്ന ഭൂമികളുടെ വിശദാംശങ്ങള്‍ വിജ്‌ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കോട്ടയം സ്‌പെഷല്‍ തഹസില്‍ദാറെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കലക്‌ടറുടെ ചുമതല നല്‍കി നിയമിച്ചു. പദ്ധതിയുടെ അഡ്‌മിനിസ്‌്രേടറ്ററായി കോട്ടയം ഡെപ്യൂട്ടി കലക്‌ടറെയും നിയമിച്ചിട്ടുണ്ട്‌.
പദ്ധതി നടപ്പാക്കുന്നതിലൂടെ ശബരിമല ക്ഷേത്രത്തിലേക്കു സുഗമമായ യാത്ര ഉറപ്പാക്കാനാകുമെന്നു സാമൂഹികാഘാത റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂറിസം വികസിക്കും, പ്രാദേശിക സമ്ബദ്‌വ്യവസ്‌ഥയ്‌ക്കു ഗുണകരമാകും, രാജ്യാന്തര മലയാളി സമൂഹത്തിനു വിവിധ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാനാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയേറ്റെടുപ്പ്‌ 285 വീടുകളെയും 358 ഭൂവുടമകളെയുമാണു നേരിട്ടു ബാധിക്കുമെന്നായിരുന്നു പാരിസ്‌ഥിതിക ആഘാത പഠനം. കൂടാതെ, ചെറുവള്ളി എസ്‌റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങളെയും കുടിയൊഴിപ്പിക്കേണ്ടി വരും. എസ്‌റ്റേറ്റിലെ റബറും ആഞ്ഞിലിയും പ്ലാവും തേക്കും അടക്കം മൂന്നേകാല്‍ ലക്ഷത്തോളം മരങ്ങള്‍ മുറിക്കേണ്ടിവരുമെന്നും സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ വ്യക്‌തമാകുന്നു. മതിയായ നഷ്‌ടപരിഹാരം നല്‍കി പദ്ധതിയുമായി മുന്നോട്ടുപോകാനാന്‍ റിപ്പോര്‍ട്ട്‌ ശിപാര്‍ശ ചെയ്യുന്നു.
തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്‌ ഡെവലപ്‌മെന്റാണ്‌ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു സമര്‍പ്പിച്ചത്‌. എരുമേലി വിമാനത്താവളം പ്രവര്‍ത്തന സജ്‌ജമാകുമ്ബോള്‍ കുടിയിറക്കേണ്ടി വരുന്നവരുടെ പേരുകളും 360 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
നിലവിലെ വേഗത്തില്‍ നടപടികള്‍ മുന്നോട്ടുപോയാല്‍, 2027 ല്‍ ആദ്യഘട്ടം പ്രവര്‍ത്തനക്ഷമമാകുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ. വിമാനത്താവളത്തിന്‌ 1.85 കോടി രൂപ ഇത്തവണത്തെ ബജറ്റില്‍ നീക്കിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 2.01 കോടി രൂപയായിരുന്നു മാറ്റിവച്ചത്‌.

Facebook Comments Box

By admin

Related Post