Tue. May 7th, 2024

അമ്ബലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; ആശങ്കയോടെ തീരവാസികള്‍

By admin Mar 20, 2024
Keralanewz.com

അമ്ബലപ്പുഴ: കടല്‍ ഉള്‍വലിയുന്നതില്‍ ആശങ്കയോടെ തീരവാസികള്‍. ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴ പുന്തല മുതല്‍ വടക്ക്‌ പഴയങ്ങാടി വരെയാണു കടല്‍ ഉള്‍വലിഞ്ഞത്‌.

നിരവധി വള്ളങ്ങള്‍ ചെളിയില്‍ താഴ്‌ന്നു. ഇന്നലെ പുലര്‍ച്ചെ മുതലാണ്‌ തീരത്ത്‌ ഈ പ്രതിഭാസമുണ്ടായത്‌. പുറക്കാട്‌ മുതല്‍ തെക്ക്‌ വടക്ക്‌ ഭാഗങ്ങളിലായി ആകെ അഞ്ച്‌ കിലോ മീറ്ററോളം നീളത്തിലാണ്‌ കടല്‍ ഉള്‍വലിഞ്ഞത്‌. ഈ ഭാഗങ്ങളില്‍ 50 മീറ്ററോളം തീരത്ത്‌ ചെളി രൂപപ്പെട്ടതിനാല്‍ നിരവധി വള്ളങ്ങള്‍ ചെളിയില്‍ താഴ്‌ന്നു.
ചാകര പ്രദേശമായ ഇവിടെ ചെളി കട്ടപിടിച്ചു കിടക്കുകയാണ്‌. തീരത്ത്‌ ചെളി രൂപപ്പെട്ടതറിഞ്ഞ്‌ ചില വള്ളങ്ങള്‍ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക്‌ മാറ്റി. എന്നാല്‍ മാറ്റാന്‍ കഴിയാതിരുന്ന വള്ളങ്ങള്‍ ചെളിയില്‍ പുതഞ്ഞു.
വേലിയേറ്റത്തിന്റെ ഭാഗമായി വര്‍ഷത്തിലൊരിക്കല്‍ ഇത്തരത്തില്‍ പ്രതിഭാസമുണ്ടാകാറുണ്ടെന്ന്‌ പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. രണ്ടു ദിവസം കഴിയുമ്ബോള്‍ തീരം പൂര്‍വ സ്‌ഥിതിയിലാകുമെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍ കടല്‍ ഉള്‍വലിയുന്നത്‌ പിന്നീട്‌ കടല്‍ ഇരച്ചു കയറുന്നതിനും കാരണമാകാമെന്നു കരുതുന്നവരുണ്ട്‌. തീരത്ത്‌ നങ്കൂരമിട്ടിരുന്ന മറ്റ്‌ വള്ളങ്ങളും മറ്റ്‌ മത്സ്യ ബന്ധന ഉപകരണങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റി. ഫിഷറീസ്‌ അഡീഷണല്‍ ഡയറക്‌ടര്‍ സിബിദാം, ഫിഷറീസ്‌ ഡപ്യൂട്ടി ഡയറക്‌ടര്‍ ബെന്നി തുടങ്ങിയവര്‍ സംഭവസ്‌ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Facebook Comments Box

By admin

Related Post