Sat. May 4th, 2024

കര്‍ണാടകയില്‍ ബി.ജെ.പി പ്രചാരണത്തിന് അമിത് ഷാ നാളെയെത്തും

By admin Apr 1, 2024
Union Home Minister Amit Shah addresses the 'Hindu Gaurav Divas' programme organized on the death anniversary of BJP leader Kalyan Singh, in Aligarh | PTI
Keralanewz.com

ബംഗളൂരു : കർണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ചയെത്തും.

രാവിലെ ഒമ്ബതിന് ബംഗളൂരുവില്‍ നടക്കുന്ന ബി.ജെ.പി- ജെ.ഡി-എസ് നേതാക്കളുടെ സഖ്യകക്ഷി യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും.

ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രല്‍, ബംഗളൂരു റൂറല്‍, ചിക്കബല്ലാപുര മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുക്കുന്ന കണ്‍വെൻഷൻ രാവിലെ 11ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. സീറ്റ് നിർണയത്തില്‍ അതൃപ്തരായ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചിക്കബല്ലാപുര, തുമകൂരു, ദാവൻകരെ, ചിത്രദുർഗ മണ്ഡലങ്ങളില്‍ പാർട്ടി സ്ഥാനാർഥികള്‍ക്കെതിരെ വിമതശബ്ദമുയർന്നിരുന്നു.

വിമതനീക്കം നടത്തുന്ന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തും. ബംഗളൂരു റൂറല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചന്നപട്ടണയില്‍ വൈകീട്ട് റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും. ജെ.ഡി-എസ് അധ്യക്ഷൻ എച്ച്‌.ഡി. ദേവഗൗഡയുടെ മരുമകൻ ഡോ. സി.എൻ. മഞ്ജുനാഥാണ് ബംഗളൂരു റൂറലില്‍ ബി.ജെ.പി സ്ഥാനാർഥി. കർണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷാണ് കോണ്‍ഗ്രസ് സ്ഥാനാർഥി.

കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ ബംഗളൂരു റൂറല്‍ പിടിച്ചെടുക്കുക എന്നതിനൊപ്പം ‘ഡി.കെ ബ്രദേഴ്സി’ന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യവും ബി.ജെ.പിക്കും ജെ.ഡി-എസിനുമുണ്ട്. ഡി.കെ. സുരേഷ് അടുത്തിടെ നടത്തിയ ‘സൗത്ത് ഇന്ത്യ സ്വതന്ത്ര’ പരാമർശം ബി.ജെ.പി പ്രചാരണത്തില്‍ കോണ്‍ഗ്രസിനെതിരെ പയറ്റും.

ചന്നപട്ടണയില്‍ നടക്കുന്ന റാലിയില്‍ അമിത് ഷാ ഈ വിഷയത്തിലൂന്നിയാകും പ്രസംഗിക്കുക എന്നാണ് വിവരം. ഈ തെരഞ്ഞെടുപ്പ്, രാജ്യത്തെ വിഭജിപ്പിക്കാൻ ആഗ്രഹിക്കുന്നവരും രാജ്യത്തെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്നവരും തമ്മിലുള്ളതാണെന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി കണ്‍വീനർ വി. സുനില്‍കുമാറിന്റെ വാക്കുകളില്‍ ആ സൂചനയുണ്ട്.

Facebook Comments Box

By admin

Related Post