Fri. May 3rd, 2024

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസ്; ബി ആര്‍ എസ് നേതാവ് കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

By admin Apr 11, 2024
Keralanewz.com

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ ബി ആർ എസ് നേതാവ് കെ കവിതയെ സിബിഐ സംഘം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പ്രത്യേക അനുമതിയോടെ തിഹാർ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കവിതയെ പ്രത്യേക കോടതി അനുമതിയോടെ സിബിഐ ചോദ്യം ചെയ്തിരുന്നു.

മാധ്യമ വിചാരണയാണ് തനിക്കെതിരെ നടക്കുന്നത് എന്നും താൻ ഇരയാണെന്നും വ്യക്തിപരവും രാഷ്‌ട്രീയപരവുമായ തന്റെ അന്തസ്സിനെയാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നും ചൂണ്ടിക്കാട്ടി കോടതിയില്‍ കവിത കത്ത് നല്‍കുകയും ചെയ്തിരുന്നു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ച്‌ 15നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ കവിതയെ അറസ്റ്റ് ചെയ്യുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുമായും മദ്യനയത്തിന്റെ പ്രയോജനം ലഭിക്കുന്നതിനായി കെ കവിത ഗൂഢാലോചന നടത്തിയെന്നും 100 കോടി നേതാക്കള്‍ക്ക് പകരമായി കൈമാറിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിരുന്നു. 2021 നവംബർ 17നാണ് ഡല്‍ഹി സർക്കാറിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യ വില്പനയും ഇടപാടുകളും സ്വകാര്യ മേഖലയ്‌ക്ക് കൈമാറാനുള്ള നയം പ്രാബല്യത്തില്‍ വന്നത്.

ലൈസൻസ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കുന്നതിന് ഗവർണറായി വി കെ സക്സേന ചുമതലയേറ്റതിന് പിന്നാലെ നിർദ്ദേശം നല്‍കുകയും ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നല്‍കുകയും ചെയ്തതോടെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കഴിഞ്ഞവർഷം ജൂലൈ 31ന് വിവാദമായതോടെയാണ് മദ്യനയം പിൻവലിച്ചത്.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഉപയോഗിച്ചുവെന്നും ഇടപാടുകളില്‍ ഭാഗമായിരുന്ന ‘സൗത്ത് ഗ്രൂപ്പ്’ എന്ന് വിശേഷിപ്പിക്കുന്ന വ്യവസായ സംഘത്തില്‍ കെ കവിതയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അന്വേഷണ ഏജൻസികള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

Facebook Comments Box

By admin

Related Post