Sun. May 5th, 2024

യു.ഡി.എഫ് ഇക്കുറി ചരിത്ര വിജയം നേടുമെന്ന് വി.ഡി. സതീശന്‍

By admin Apr 24, 2024
Keralanewz.com

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് ഇക്കുറി ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ടു സീറ്റെങ്കിലും കിട്ടിയാല്‍ മഹാവിജയമെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന തോല്‍വി സമ്മതിച്ചു കൊണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണ്.

കരിവന്നൂരിലും മാസപ്പടിയിലും ഇ.ഡി നോട്ടീസ് കാട്ടി ബി.ജെ.പി മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വിരട്ടി നിര്‍ത്തിയിരിക്കുകയാണ്. അതിന്റെ ഭാഗമായി തൃശൂര്‍ മണ്ഡലത്തിലടക്കം ബി.ജെ.പി -സി.പി.എം അന്തര്‍ധാര ശക്തമാണെന്നും ഇതെല്ലാം മറികടന്ന് യു.ഡി.എഫ് 20ല്‍ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു.

പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികളെക്കുറിച്ച്‌ ഓര്‍മകളുണ്ടായിരിക്കണം. മോദിയുടെ ഗ്യാരണ്ടികള്‍ക്ക് പഴയ ചാക്കിന്റെ വിലയേയുള്ളൂ. മോദിയുടെ 15 ലക്ഷം രൂപ, രണ്ടുകോടി തൊഴില്‍, അമ്ബത് രൂപക്ക് പെട്രോള്‍ തുടങ്ങിയ വാഗ്ദാനങ്ങളൊക്കെ കാറ്റില്‍പ്പറന്നു. പിണറായി സര്‍ക്കാര്‍ പാവപ്പെട്ട ഒരുകോടി ആളുകളുടെ പെന്‍ഷനാണ് ഇല്ലാതാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല. കാരുണ്യ പദ്ധതി നിലച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘവീക്ഷണത്തോടെ മന്‍മോഹന്‍സിങ് സമ്ബത്തിന്റെ നീതിപൂര്‍വമായ വിതരണത്തെക്കുറിച്ച്‌ പ്രസംഗിച്ചതാണ് മോദി ഇപ്പോള്‍ വളച്ചൊടിച്ച്‌ അതില്‍ വര്‍ഗീയത കണ്ടെത്തിയത്. ദളിതര്‍, ആദിവാസികള്‍, പിന്നോക്ക വിഭാഗക്കാര്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹങ്ങള്‍ക്ക് കൂടുതല്‍ സമ്ബത്ത് വിതരണം ചെയ്യണമെന്ന ആശയമാണ് മന്‍മോഹന്‍സിങ് മുന്നോട്ടുവെച്ചത്. മോദി അതിനെ വക്രീകരിച്ച്‌ തെറ്റിദ്ധാരണ പരത്തി വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന മതമേലധ്യക്ഷന്‍മാരെ കാണാനെത്തുന്നത് അനുചിതവും ചട്ടലംഘനവുമാണ്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

മാധ്യമസമിതി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.

Facebook Comments Box

By admin

Related Post