Mon. May 6th, 2024

10 ജില്ലകളില്‍ വനിതാ കലക്ടര്‍മാര്‍; കേരള ചരിത്രത്തിലിതാദ്യം: റെക്കോഡിലെത്തുന്നത് ബുധനാഴ്ച ആലപ്പുഴ ജില്ലാ കലക്ടറായി ഡോ.രേണു രാജിനെ നിയമിച്ചതോടെ

By admin Feb 25, 2022 #news
Keralanewz.com

കേരളത്തിലെ 14 ജില്ലകളില്‍ പത്തിലും ഭരിക്കുന്നത് വനിതാ കളക്ടര്‍മാര്‍. ബുധനാഴ്ച ആലപ്പുഴ ജില്ലാ കലക്ടറായി ഡോ.രേണു രാജിനെ നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തില്‍ വനിതാ പ്രാതിനിധ്യം റെക്കോര്‍ഡിലെത്തിയത്. കേരള ചരിത്രത്തിലിത് ആദ്യമാണ്. നിയമസഭയില്‍ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടര്‍മാരില്‍ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനവും.

കഴിഞ്ഞദിവസം റവന്യൂ വകുപ്പിന്റെ മികച്ച കളക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് തേടിയ മൂന്നുപേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. തിരുവനന്തപുരം കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, പാലക്കാട് മൃണ്‍മയി ജോഷി എന്നിവര്‍. ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കുന്ന എ. അലക്‌സാണ്ടറും ഈ പുരസ്‌കാരം നേടി. ഇദ്ദേഹം വിരമിച്ചതിന് പിന്നാലെയാകും ഡോ.രേണുരാജ് ചുമതല ഏറ്റെടുക്കുക

ഹരിത വി കുമാര്‍ (തൃശൂര്‍), ദിവ്യ എസ് അയ്യര്‍ (പത്തനംതിട്ട), അഫ്‌സാന പര്‍വീണ്‍ (കൊല്ലം), ഷീബ ജോര്‍ജ് (ഇടുക്കി), ഡോ.പി കെ ജയശ്രീ (കോട്ടയം), ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് (കാസര്‍കോട്) ഡോ. എ ഗീത (വയനാട്) എന്നിവരാണ് മറ്റ് വനിതാ കളക്ടര്‍മാര്‍. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പുരുഷന്മാര്‍ കളക്ടറായുള്ളത്. കൊല്ലം കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ ഭര്‍ത്താവ് ജാഫര്‍ മാലിക്കാണ് എറണാകുളം കലക്ടര്‍ എന്നതും പ്രത്യേകതയാണ്.

കോട്ടയം ജില്ലയിലെ ഇത്തിത്താനമാണ് ഡോ. രേണുരാജിന്റെ സ്വദേശം. നഗരകാര്യ ഡയറക്ടറുടെ ചുമതലയില്‍നിന്നാണ് രേണുരാജ് ആലപ്പുഴ കളക്ടറായി എത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ എംബിബിഎസ് പഠനശേഷമാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്

Facebook Comments Box

By admin

Related Post