Tue. May 7th, 2024

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

By admin Apr 8, 2022 #news
Keralanewz.com

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായി ഉച്ചയോടെ മഴ ശക്തി പ്രാപിക്കും. പുലർച്ചെ വരെ മഴ തുടരാൻ സാധ്യത ഉണ്ട്. ബംഗാൾ ഉൾക്കടലിൽ കോമോരിൻ പ്രദേശങ്ങളിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്

തെക്കേ ഇന്ത്യക്ക് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴ അടുത്ത 4 ദിവസം വരെ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്

Facebook Comments Box

By admin

Related Post