Sat. May 4th, 2024

ഒഴുകിയെത്തിയത് ആയിരങ്ങള്‍ ; കെ.എം മാണി സ്മൃതി സംഗമം ഓര്‍മ്മകളുടെ സംഗമമായി

By admin Apr 9, 2022 #news
Keralanewz.com

കോട്ടയം; കേരളാ കോണ്‍ഗ്രസ്സ് പിറവിയെടുത്ത മണ്ണിലേക്ക് കെ.എം മാണിയുടെ ഓര്‍മ്മകള്‍ ഒഴുകിയെത്തിയപ്പോള്‍ തിരുനക്കര മൈതാനം പുളകമണിഞ്ഞു. കേരളാ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലും കെ.എം മാണിയുടെ ജീവിത്തിലും സവിശേഷതയുള്ള കോട്ടയം തിരുനക്കര മൈതാനിയില്‍ സംഘടിക്കപ്പെട്ട കെ.എം മാണി സ്മൃതി സംഗമത്തിലേക്ക് തുടക്കം മുതല്‍ ഒടുക്കം വരെയും അണമുറിയാതെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്


മൂന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കെഎം മാണി സ്മൃതി സംഗമം കേരളാ കോണ്‍ഗ്രസിന് പുതുചരിത്രമായി. പാര്‍ട്ടി പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനത്ത പ്രത്യേകം തയാറാക്കിയ വേദിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എംപി രാവിലെ 9 മണിക്ക് കെ.എം മാണിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെ സ്മൃതി സംഗമത്തിന് തുടക്കമായി. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ കെഎം മാണിയുടെ ചിത്രത്തില്‍ പുഷ്പം അര്‍പ്പിച്ചു. ചീഫ് വിപ്പ് പ്രൊഫ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി,  അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, പ്രമോദ് നാരായണന്‍ എംഎല്‍എ, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം തുടങ്ങിയവര്‍ പുഷ്പാര്‍ച്ച നടത്തി. തുടര്‍ന്ന് സംസ്ഥന സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ആത്മീയ രംഗത്തെ പ്രമുഖരാണ് ആദരം അര്‍പ്പിക്കാന്‍ എത്തിയത്


ജനഹൃദയങ്ങളില്‍ ചിരസ്മരണയായി കെ.എം മാണി നിലകൊള്ളുന്നതിന്റെ നേര്‍സാക്ഷ്യങ്ങളായ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളാണ് ചടങ്ങില്‍ ഉടനീളം കണ്ടത്. കെ.എം മാണിയുടെ അന്ത്യയാത്രയുടേയും പ്രസംഗങ്ങളുടേയും ദൃശ്യങ്ങള്‍ വേദിയില്‍ തെളിഞ്ഞപ്പോള്‍ പലരും കണ്ണീരണിഞ്ഞു.
പൂക്കളും കെ.എം മാണിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന ചിത്രങ്ങളുമായാണ് പലരുമെത്തിയത്. കെ.എം മാണിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ ഓര്‍മ്മിപ്പിക്കുന്നതരത്തില്‍ ജനസഹസ്രങ്ങളാണ് സ്മൃതി സംഗമത്തില്‍ പങ്കെടുത്തത്


അനുസ്മരണ സമ്മേളനങ്ങളുടെ പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രവര്‍ത്തകര്‍ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. രാവിലെ മുതല്‍ തന്നെ കോട്ടയത്തേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തകര്‍ എത്തി പുഷ്പാര്‍ച്ചന നടത്തി മടങ്ങുന്ന രീതിയിലായിരുന്നു ചടങ്ങ് ക്രമീകരിച്ചത്

രാവിലെ ഏഴു മണിയോടെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയും കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും കെ.എം മാണിയെ അടക്കം ചെയ്ത പാലാ കത്തീഡ്രല്‍ പള്ളിയില്‍ എത്തി പ്രാര്‍ത്ഥനകളിലും ചടങ്ങുകളിലും പങ്കെടുത്തു.
ഇന്നലെ (09.04.2022) കെഎം മാണി അനുസ്മരണം കോട്ടയം തിരുനക്കര മൈതാനത്ത് മാത്രമാണ് നടന്നത്. ഇന്നു (10.04.2022) മുതല്‍ 15 വരെ എല്ലാ ജില്ലകളിലും കേരളത്തിനു പുറത്തും അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകല്‍ും കാരുണ്യ ഭവനം നിര്‍മിച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അതാതു ജില്ലാ കമ്മിറ്റികള്‍ക്കാകും ഇതിന്റെ ചുമതല


കെ.എം മാണിയുടെ സ്‌നേഹത്തിന് അതിര്‍വരമ്പുകള്‍ ഇല്ലായിരുന്നെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. രാഷ്ട്രീയമോ, ജാതിമത വിത്യാസങ്ങളോ, ആശയഭേദങ്ങളോ ആ സ്‌നേഹത്തിന് തടസ്സമായില്ല. കെ.എം മാണിയെ സ്‌നേഹിക്കുന്ന പതിനായിരങ്ങളാണ് ഇവിടെ ഒത്തുചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു


രാഷ്ട്രീയത്തിന് അതീതമായി കെഎം മാണി എന്ന നേതാവിനെ അനുസ്മരിക്കാനാണ് ചടങ്ങ് ഒരുക്കിയതെന്ന് പരിപാടിയുടെ ജനറല്‍  കണ്‍വീനര്‍ കൂടിയായ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു

Facebook Comments Box

By admin

Related Post