Mon. May 6th, 2024

‘ലൈംഗിക ബന്ധം ഉഭയ സമ്മതത്തോടെ, കേസിന് കാരണം അവസരം നല്‍കാത്തതിലുള്ള വൈരാഗ്യം’; ചോദ്യം ചെയ്യലില്‍ വിജയ് ബാബു

By admin Jun 1, 2022 #news
Keralanewz.com

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നതെന്നും വിജയ് ബാബു മൊഴി നല്‍കി. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമായത്. ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിലാണ് വിജയ് ബാബു ഇക്കാര്യങ്ങള്‍ പറഞ്ഞത്.


യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബു എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു രാവിലെ പതിനൊന്ന് മണിയോടെ ഹാജരായത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ശക്തമായ നടപടികള്‍ക്കൊടുവിലാണ് വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് റദ്ദാക്കിയതടക്കം പൊലീസ് കര്‍ശന നടപടികള്‍ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും സി എച്ച് നാഗരാജു പറഞ്ഞു. ഒളിവിലുള്ള പ്രതികളെ സഹായിക്കുന്നത് കുറ്റകരമാണ്. ഒളിവില്‍ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഒരു മാസമായി വിദേശത്തായിരുന്നു വിജയ് ബാബു ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചിയിലെത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ 39 ദിവസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് വിജയ് ബാബു ആദ്യം പോയത് ക്ഷേത്രത്തിലേക്കായിരുന്നു. ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രത്തിലാണ് വിജയ് ബാബു ദര്‍ശനം നടത്തിയത്. തുടര്‍ന്നാണ് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം തെളിയും, കോടതിയില്‍ കേസ് നില്‍ക്കുന്നതിനാല്‍ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും വിജയ് ബാബു പറഞ്ഞു. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുള്ളത്

Facebook Comments Box

By admin

Related Post