Sun. May 5th, 2024

ഇലക്ട്രിക് മെഷീനുകള്‍ മോഷ്ടിച്ച നിരവധി മോഷണകേസുകളിലെ പ്രതി അറസ്റ്റില്‍

By admin Aug 1, 2022 #news
Keralanewz.com

പത്തനംതിട്ട : അടൂര്‍ നയനം തീയേറ്ററിന് സമീപമുള്ള ഷെഡ്ഡ് കുത്തിപ്പൊളിച്ച് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന കോണ്‍ക്രീറ്റ് കട്ടിംഗ് മെഷീനുകള്‍, ഗില്‍റ്റി, വൈബ്രേറ്റര്‍ തുടങ്ങിയവ മോഷ്ടിച്ച കേസില്‍ പ്രതിയെ അടൂര്‍ പോലീസ് പിടികൂടി. സംസ്ഥാനത്ത് നിരവധി മോഷണ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം പൊന്‍മംഗലം, നേമം പ്ലാവുവിള ഫര്‍ഹാന്‍ വില്ലയില്‍ ബാറ്ററി നവാസ് എന്ന് വിളിക്കുന്ന നവാസി(50)നെയാണ് അറസ്റ്റ് ചെയ്യ്തത് . ജൂലൈ 27 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഉടമ അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

സംഭവ സ്ഥലത്തെയും, പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, രണ്ടു സംഘങ്ങളായി തിരിഞ്ഞ് അടൂര്‍ കെ.പി റോഡ്, എം.സി റോഡ് പാതകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തി. നൂറു കണക്കിന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതി സഞ്ചരിച്ച വാഹനത്തെ സംബന്ധിച്ച വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ഇയാളുടെ ഉടമസ്ഥയിലുള്ള എക്കോസ്‌പോര്‍ട് വാഹനത്തില്‍ കറങ്ങി നടന്നാണ് മോഷണം നടത്തിയിരുന്നത് എന്ന് വ്യക്തമായി. വാഹനം തിരിച്ചറിഞ്ഞ ശേഷം രാത്രികാലത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. നിരന്തരമായി നിരീക്ഷിച്ചു അന്വേഷണസംഘം,, ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ ശേഷം അന്വേഷണം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

പിന്നീട് നേമം പോലീസിന്റെ സഹകരണത്തോടെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.
അടൂര്‍, കടുത്തുരുത്തി, തുമ്പ, തിരുവനന്തപുരം ഫോര്‍ട്ട് , ചാത്തന്നൂര്‍, പൂയപ്പള്ളി, ചിങ്ങവനം ,കൊട്ടാരക്കര, പത്തനംതിട്ട, ഇരവിപുരം പോലീസ് സ്റ്റേഷനുകളിലായി മുപ്പതിലധികം മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. പിന്നീട് പ്രതിയെ തിരുവനന്തപുരം നേമത്തുള്ള വാടകവീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി മോഷണ വസ്തുക്കള്‍ കണ്ടെടുത്തു.

ചില ഉപകരണങ്ങള്‍, രേഖകള്‍ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഐ.പി.എസ്സിന്റെ നിര്‍ദ്ദേശ പ്രകാരം, അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍, അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ്.റ്റി.ഡിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരായ സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗണേഷ് കുമാര്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്.ആര്‍.കുറുപ്പ്, പ്രവീണ്‍.റ്റി,ഹരീഷ് ബാബു, സതീഷ്, ജോബിന്‍ ജോസഫ് എന്നിവരാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സമാന സ്വഭാവമുള്ള നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൊപ്ര ബിജു, രാജേഷ് തുടങ്ങിയ ചില അറിയപ്പെടുന്ന മോഷ്ടാക്കള്‍ ഇയാളുടെ കൂട്ടാളികളാണെന്ന സൂചന ലഭിച്ചിട്ടുണ്ട്, ഇക്കാര്യങ്ങളെ സംബന്ധിച്ചും മറ്റും വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈമാസം 19, 22 തിയതികളിലും മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു. കുറ്റസമ്മതമൊഴിപ്രകാരംകൂടുതല്‍ കേസുകളെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു

Facebook Comments Box

By admin

Related Post