Tue. May 14th, 2024

ഒറിജിനലിനെ വെല്ലുന്ന വ്യാജ രേഖകള്‍ നൽകി ലോണെടുക്കാന്‍ ശ്രമം , പക്ഷേ ശബ്ദം വിനയായി, കേരള ബാങ്ക് അധികൃതര്‍ പൊളിച്ചടുക്കിയത് ലക്ഷങ്ങള്‍ തട്ടിയെടുക്കാനുള്ള യുവതികളുടെ ശ്രമം

By admin Nov 21, 2022
Keralanewz.com

വര്‍ക്കല: വ്യാജരേഖ നിര്‍മ്മിച്ച്‌ കേരളബാങ്കില്‍ നിന്ന് 81 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതികള്‍ പിടിയില്‍.

വര്‍ക്കല ശ്രീനിവാസപുരം അരുണഗിരിയില്‍ രേഖ വിജയന്‍ (33), വര്‍ക്കല ചെറുകുന്നം പള്ളിക്ക് സമീപം കണ്ണങ്കര വീട്ടില്‍ സല്‍മ(42) എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റുചെയ്‌തത്.

കുറച്ചുദിവസം മുമ്ബാണ് കേരള ബാങ്കിന്റെ വര്‍ക്കല പുത്തന്‍ചന്ത ശാഖയില്‍ നിന്ന് യുവതികള്‍ പണം തട്ടാന്‍ ശ്രമിച്ചത്. വര്‍ക്കല നഗരസഭയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സി.ഡി.എസ് ) ചെയര്‍പേഴ്സണ്‍ ഭവാനിയമ്മയുടെ വ്യാജ ഒപ്പും സീലും ലെറ്റര്‍ പാഡും മെമ്ബര്‍ സെക്രട്ടറിയുടെ ഒപ്പും ഓഫീസ് സീലും ഉപയോഗിച്ച്‌ ശുപാര്‍ശ കത്തും അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യുവതികള്‍ വ്യാജമായി നിര്‍മ്മിച്ചത്.

വാര്‍ഡ് തലങ്ങളില്‍ ഒരാളിന് 60000 രൂപ വച്ച്‌ 5 സ്ത്രീകളടങ്ങുന്ന 27 ഗ്രൂപ്പുകള്‍ക്ക് വായ്‌പയിനത്തില്‍ പണം തട്ടിയെടുക്കാനാണ് യുവതികള്‍ ശ്രമിച്ചത്. ലെറ്റര്‍ പാഡില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്ബറില്‍ വിളിച്ചപ്പോള്‍ സംസാരിച്ച യുവതിയുടെ ശബ്ദത്തില്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ ഇന്റര്‍നെറ്റില്‍ നിന്ന് വര്‍ക്കല സി.ഡി.എസ് ചെയര്‍പേഴ്സന്റെ നമ്ബര്‍ ശേഖരിച്ച്‌ വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. ഉടന്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഭവാനിയമ്മ നേരിട്ട് ബാങ്കിലെത്തുകയും രേഖകളൊന്നും താന്‍ നല്‍കിയതല്ലെന്ന് നേരിട്ട് കണ്ട് ഉറപ്പുവരുത്തുകയും ചെയ്‌തു.

തട്ടിപ്പ് മനസിലാക്കിയ ബാങ്ക് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഭവാനിയമ്മ, മുനിസിപ്പല്‍ സൂപ്രണ്ട്, നഗരസഭാ സെക്രട്ടറി എന്നിവര്‍ പ്രത്യേകം പരാതികള്‍ പൊലീസില്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ സമാനമായ മറ്റു തട്ടിപ്പുകള്‍ യുവതികള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി അന്വേഷിക്കും. യുവതികള്‍ക്ക് വ്യാജ രേഖകള്‍ ഒറ്റയ്‌ക്ക് നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും പിന്നില്‍ വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും സി.ഐ എസ്. സനോജ് പറഞ്ഞു.

വര്‍ക്കല ഡി.വൈ.എസ്.പി.പി നിയാസിന്റെ നിര്‍ദ്ദേശപ്രകാരം വര്‍ക്കല എസ്.എച്ച്‌.ഒ സനോജ്. എസ്, എസ്.ഐ രാഹുല്‍ പി.ആര്‍, പ്രൊബേഷന്‍ എസ്.ഐ മനോജ്, എ.എസ്.ഐമാരായ ഫ്രാങ്ക്ളിന്‍, ബിജുകുമാര്‍, എസ്.സി.പി.ഒമാരായ ഹേമവതി, സുരജ, ബ്രിജിലാല്‍, സി.പി.ഒമാരായ ഷിറാസ്, സുജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ യുവതികളെ റിമാന്‍ഡ് ചെയ്‌തു.

Facebook Comments Box

By admin

Related Post