Mon. May 20th, 2024

എബിവിപിക്ക് വീണ്ടും ചരിത്ര വിജയം

By admin Sep 27, 2023
Keralanewz.com

രാജ്യതലസ്ഥാനത്തെ ദല്‍ഹി യൂണിവേഴ്‌സിറ്റി ഒരിക്കല്‍ക്കൂടി കാവിയണിഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി വന്‍ വിജയം നേടിയതോടെയാണിത്.
പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിച്ച എബിവിപി സ്ഥാനാര്‍ത്ഥികള്‍ ഉജ്വല വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ്സിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന എന്‍എസ്‌യുവിന് വൈസ്പ്രസിഡന്റ് സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ വരുന്ന വിവിധ കോളജുകളിലും, സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളിലും നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലാണ് ദേശീയതയില്‍ വിശ്വസിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്ന എബിവിപി ഉജ്വല വിജയം നേടിയത്. മുപ്പത്തിനാല് കോളജുകളില്‍ എബിവിപി വിജയക്കൊടി പാറിച്ചുവെന്നതില്‍നിന്നുതന്നെ ഈ മുന്നേറ്റത്തിന്റെ ചിത്രം വ്യക്തമാണ്. വിവേകാനന്ദ കോളജ്, ഭാസ്‌കരാചാര്യ കോളജ്, ശ്രദ്ധാനന്ദ കോളജ് എന്നിവ ഇതില്‍പ്പെടുന്നു. ദല്‍ഹി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സില്‍ എല്ലാ സീറ്റുകളും എബിവിപി തൂത്തുവാരി. നാല് വര്‍ഷത്തിനുശേഷമാണ് ദല്‍ഹി സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് തടസ്സപ്പെടുത്താന്‍ പല ശ്രമങ്ങളും നടന്നു. അതുകൊണ്ടുതന്നെ എബിവിപി ഇപ്പോള്‍ നേടിയിരിക്കുന്ന വിജയം ചരിത്രപരമാണ്. ഭാരതവിരുദ്ധ വികാരവും ആഖ്യാനങ്ങളും നിറഞ്ഞ ഈ സര്‍വകലാശാലയുടെ അന്തരീക്ഷത്തില്‍ ആശയപരമായി വലിയൊരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ഇത് കാണിക്കുന്നത്. ദേശവിരുദ്ധ രാഷ്‌ട്രീയം പിന്‍പറ്റുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഒരു മുന്നറിയിപ്പാണ് എബിവിപി നേടിയ വിജയം. മത്സരരംഗത്തുണ്ടായിരുന്ന എസ്‌എഫ്‌ഐയ്‌ക്ക് നോട്ടയിലും താഴെ വോട്ട് ലഭിച്ചത് അവരുടെ അവകാശവാദങ്ങളെ തുറന്നുകാണിക്കുന്നു.

വന്‍തോക്കുകളെത്തന്നെ സ്ഥാനാര്‍ത്ഥികളാക്കുകയും, എബിവിപിക്കെതിരെ കൊണ്ടുപിടിച്ച്‌ അപവാദപ്രചാരണം കെട്ടഴിച്ചുവിടുകയും, അക്രമങ്ങള്‍ കുത്തിപ്പൊക്കി തെരഞ്ഞെടുപ്പ് തടയാന്‍ ശ്രമിക്കുകയും ചെയ്തിട്ടും വിജയിക്കാന്‍ കഴിയാതെ പോയത് എന്‍എസ്‌യുവിന് കനത്ത തിരിച്ചടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിബിസി മെനഞ്ഞെടുത്ത ഡോക്യുമെന്ററി ക്യാമ്ബസില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ച എന്‍എസ്‌യുവിന് വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഏറ്റിരിക്കുന്ന തിരിച്ചടി ബിബിസിക്കും ബാധകമാണ്. ഭാരതത്തിന്റെയും പ്രധാനമന്ത്രി മോദിയുടെയും പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ദുഷ്ടലാക്കോടെ കാത്തിരിക്കുന്നവര്‍ക്കും ഈ വിജയം ഒരു മുന്നറിയിപ്പാണ്. അവര്‍ക്ക് തങ്ങളുടെ മനോഭാവവും നിലപാടുകളും കയ്യൊഴിയേണ്ടിവരും. എബിവിപി നേടിയ മൂന്നില്‍ രണ്ട് വിജയത്തോട് രാഷ്‌ട്രീയരംഗത്തുനിന്നും വലിയ പ്രതികരണമാണുണ്ടായത്. ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന പ്രത്യയശാസ്ത്രത്തോട് യുവതലമുറയ്‌ക്കുള്ള ആഭിമുഖ്യമാണ് ഈ വിജയത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടത്. സ്വാമി വിവേകാനന്ദന്റെ ആശയങ്ങളും ദേശീയതയുടെ താല്‍പ്പര്യങ്ങളും പ്രചരിപ്പിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് തുടര്‍ന്നും കഴിയുമെന്ന് ഷാ ചൂണ്ടിക്കാട്ടുകയുണ്ടായി. ‘രാഷ്‌ട്രമാണ് ഒന്നാമത്’ എന്ന ആശയത്തിനുള്ള അംഗീകാരമാണ് എബിവിപിയുടെ വിജയമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും പ്രതികരിച്ചു. തീര്‍ച്ചയായും ഈ വിജയം രാഷ്‌ട്രീയരംഗത്തും പ്രതിഫലിക്കും എന്നുവേണം മനസ്സിലാക്കാന്‍.

2018 ല്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പിലും എബിവിപിയാണ് ദല്‍ഹി സര്‍വകലാശാലയില്‍ വിജയം നേടിയത്. ഇക്കുറിയും വിജയം ആവര്‍ത്തിക്കുമെന്ന് എബിവിപിക്ക് ഉറപ്പായിരുന്നു. നാല് വര്‍ഷത്തിനിടെ മിഷന്‍ ആരോഗ്യ, ഛാത്ര ഗര്‍ജന എന്നിങ്ങനെയുള്ള പരിപാടികളിലൂടെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ കഴിഞ്ഞതിന്റെ അംഗീകാരം വിദ്യാര്‍ത്ഥികളില്‍നിന്ന് ഉണ്ടാകുമെന്ന് എബിവിപി നേതൃത്വം തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ പ്രഖ്യാപിച്ചിരുന്നു. അത് ശരിവയ്‌ക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ സര്‍വകലാശാലകളില്‍ വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിക്കാനും നിലനിര്‍ത്താനും ശ്രമിക്കുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എബിവിപിയുടെ വിജയം ഒരു മുന്നറിയിപ്പാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ഇടതുപക്ഷ ആഭിമുഖ്യമുള്ള അധ്യാപകരും ക്യാമ്ബസുകളില്‍ അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. മറ്റുള്ളവരുടെ ആശയങ്ങള്‍ക്ക് ഇവര്‍ വിലക്കേര്‍പ്പെടുത്തും. ഇപ്രകാരമാണ് ജെഎന്‍യു ക്യാമ്ബസ് രാജ്യവിരുദ്ധ ശക്തികളുടെ താവളമായി മാറിയത്. ഇവിടെ അരാജകത്വം പടര്‍ത്താന്‍ ശ്രമിച്ച ചില വിദ്യാര്‍ത്ഥി നേതാക്കള്‍ ഇപ്പോള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് ജാമ്യംപോലും ലഭിക്കാതെ ജയിലില്‍ കഴിയുകയാണ്. ഇസ്ലാമിക തീവ്രവാദികളുമായും ഇവര്‍ കൈകോര്‍ക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭം ദല്‍ഹിയില്‍ വര്‍ഗീയ ലഹളക്കിടയാക്കിയതില്‍ ജെഎന്‍യുവിലെയും മറ്റും ചില വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുണ്ട്. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എബിവിപി വിജയം കേരളത്തിലെ ക്യാമ്ബസുകളിലെയും വിദ്യാര്‍ത്ഥി സമൂഹത്തെ ദേശീയവികാരത്തിനൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കും.

Facebook Comments Box

By admin

Related Post