Mon. May 20th, 2024

രാജ്യത്താകമാനം ഒറ്റ തിരഞ്ഞെടുപ്പ് : സംസ്ഥാനങ്ങളോട് ആലോചിക്കേണ്ടെന്ന് ലാ കമ്മീഷൻ

By admin Sep 28, 2023
Keralanewz.com

ഡല്‍ഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ട കാര്യമില്ലെന്നും ഭരണഘടന പ്രകാരം തന്നെ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും ലാ കമ്മീഷൻ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാൻ കമ്മീഷൻ തയ്യാറല്ല. 2029ല്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താനാവും വിധം ഭരണഘടനാ ഭേദഗതി അടക്കം ശുപാര്‍ശ ചെയ്യാൻ ലാ കമ്മീഷൻ തയ്യാറെടുക്കുന്നുവെന്നാണ് വിവരം.

അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം

15 ദിവസത്തിനകം കേന്ദ്രസര്‍ക്കാരിനും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതതല സമിതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലാ കമ്മീഷന്റെ നീക്കം. കര്‍ണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്‌തി അദ്ധ്യക്ഷനും, ജസ്റ്റിസ് കെ.ടി. ശങ്കരൻ, പ്രൊഫസര്‍ ഡോ. ആനന്ദ് പലിവാല്‍, പ്രൊഫസര്‍ ഡി.പി. വര്‍മ്മ എന്നിവര്‍ അംഗങ്ങളുമായ 22ാം ലാ കമ്മീഷൻ ഇന്നലെ യോഗം ചേര്‍ന്ന് കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ട് അന്തിമമാക്കി അംഗീകരിക്കാൻ 15 ദിവസത്തിനകം വീണ്ടും യോഗം ചേരും. അതിനു ശേഷം റിപ്പോര്‍ട്ടില്‍ ലാ കമ്മീഷൻ അദ്ധ്യക്ഷനും അംഗങ്ങളും ഒപ്പിട്ട് കേന്ദ്രസര്‍ക്കാരിനും ഉന്നതതല സമിതിക്കും കൈമാറും. രാംനാഥ് കോവിന്ദ് സമിതി നേരത്തേ ലാ കമ്മീഷനിന്റെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും ക്ഷണിച്ചിരുന്നു.

കേന്ദ്ര തീരുമാനം നിര്‍ണായകം

ഇക്കൊല്ലവും അടുത്ത കൊല്ലവുമായി 12 നിയമസഭാ തിരഞ്ഞെടുപ്പുകളും, അടുത്തവര്‍ഷം മേയില്‍ ലോക്സഭാ തിരഞ്ഞെടുപ്പുമാണ് നടക്കേണ്ടത്. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കണം. അടുത്ത വര്‍ഷം ആന്ധ്ര, അരുണാചല്‍പ്രദേശ്, ഒഡിഷ, സിക്കിം, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുണ്ട്. ജമ്മു കാശ്‌മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പുണ്ടാകാം. ഈ സാഹചര്യത്തില്‍ ലാ കമ്മീഷന്റെയും, രാംനാഥ് കോവിന്ദ് സമിതിയുടെയും റിപ്പോര്‍ട്ട് പരിശോധിച്ച്‌ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. ധൃതിപിടിച്ച്‌ 2024ല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലേക്ക് പോകുമോയെന്നതും കണ്ടറിയണം. ഈകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സസ്പെൻസ് തുടരുകയാണ്.

Facebook Comments Box

By admin

Related Post