Mon. May 20th, 2024

ഇന്ന് കൊടിയേരി ബാലകൃഷ്ണന്റെ ചരമദിനം കൊടിയേരിയുടെ വിയോഗം തീരാ നഷ്ടമുണ്ടാക്കിയത് സി പി എമ്മിനോ? അതോ കേരള കോൺഗ്രസ് എമ്മിനോ ? കേരള ന്യൂസ് അന്വേഷിക്കുന്നു..കേരള ന്യൂസ് എഡിറ്റോറിയൽ.

By admin Oct 1, 2023 #CPIM #keralacongress m
Keralanewz.com

ഇന്ന് കൊടിയേരി ബാലകൃഷ്ണന്റെ ചരമദിനം. രാഷ്ട്രീയമായി നോക്കിയാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈയായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ മരണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഒരു തീരാനഷ്ടം തന്നെയാണ്. എന്നാൽ ഇടതു വലതു മുന്നണികൾ മാറിമാറി ഭരിച്ചിരുന്ന കേരളത്തിൽ ഇടതുപക്ഷത്തിന് ഒരു തുടർഭരണം യാഥാർത്ഥ്യമാക്കിയതിൽ കൊടിയേരി ബാലകൃഷ്ണൻ എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കുശാഗ്ര ബുദ്ധിയും രാഷ്ട്രീയ തന്ത്രജ്ഞതയുമായിരുന്നു. മധ്യ കേരളത്തിലും നായർ, ക്രൈസ്തവ സമുദായങ്ങൾക്കിടയിലും ശക്തമായ അടിത്തറയുള്ള കേരള കോൺഗ്രസ് (എം) പാർട്ടിയെ ഇടതുമുന്നണിയിൽ ചേർക്കുവാൻ കൊടിയേരി ബാലകൃഷ്ണൻ നടത്തിയ തന്ത്രപരമായ നീക്കങ്ങളായിരുന്നു ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം സാധ്യമാക്കിയത്. യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട് പെരുവഴിയിൽ ആകുമ്പോൾ തിരികെ വലിഞ്ഞു കേറി യൂഡിഎഫിൽ തന്നെ വരുമെന്ന് കരുതിയിരുന്ന യുഡിഎഫ് നേതാക്കൾക്ക് മുൻപിൽ വലിയ അത്ഭുതമാക്കി കൊണ്ടാണ് കേരള കോൺഗ്രസ് (എം) പാർട്ടിയെ കൊടിയേരി ബാലകൃഷ്ണൻ എൽഡിഎഫിലേക്ക് ക്ഷണിച്ചത്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് കൂടിക്കൊണ്ടിരിക്കുമ്പോൾ എകെജി സെന്ററിലേക്ക് കടന്നുവന്ന ജോസ് കെ മാണിയെയും റോഷി അഗസ്റ്റിനെയും വാതിൽ പടിക്കൽ പോയി സ്വീകരിക്കുകയും സെക്രട്ടറിയേറ്റ് യോഗത്തിൽ കൊണ്ടുവന്ന് ഊഷ്മളമായ സ്വീകരണം നൽകി തിരികെ വീണ്ടും എകെജി സെന്ററിന്റെ വാതിൽപ്പിടിയിൽ വരെ പോയി യാത്രയാക്കുകയും ചെയ്ത ചിത്രം ചരിത്രത്തിന്റെ തിരുത്തിക്കുറിക്കലിന്റെ ഭാഗമാകുമെന്ന് പലരും അന്നേ പ്രവചിച്ചതാണ്.

അതുകൊണ്ടുതന്നെ കൊടിയേരി ബാലകൃഷ്ണന്റെ മരണം സിപിഎം എന്ന പ്രസ്ഥാനത്തിനുപരി കേരള കോൺഗ്രസ് എമ്മിനാണ് കൂടുതൽ നഷ്ടമുണ്ടാക്കിയിരിക്കുന്നത്. പാർട്ടി സെക്രട്ടറി എന്ന നിലയിലും പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്ന നിലയിലും കൃത്യമായി ചർച്ചകൾ നടത്തി ധാരണകൾ ഉണ്ടാക്കിയാണ് കൊടിയേരി ബാലകൃഷ്ണൻ ജോസ് കെ മാണിയെയും കൂട്ടരെയും ഇടതുപക്ഷത്തേക്ക് ചേർത്തുനിർത്തിയത്. കാരുണ്യ പദ്ധതി തുടരുവാനുള്ള തീരുമാനം, റബർ വിലസ്ഥിരതാ പദ്ധതി തുടർന്നു പോകുവാനും, അതിന്റെ പരിധി ഉയർത്തുവാനുമുള്ള തീരുമാനം, സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം (EWS) കേരളത്തിൽ നടപ്പാക്കുവാനുള്ള തീരുമാനം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുവാൻ ജ.ജെ ബി കോശി കമ്മീഷനെ വയ്ക്കുവാനുള്ള തീരുമാനം തുടങ്ങി കേരള കോൺഗ്രസ് (എം) പാർട്ടി മുൻപോട്ട് വെച്ച മധ്യവർഗമായ അധ്വാന വർഗ്ഗത്തെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ കൃത്യമായ നിലപാടുകളും തീരുമാനങ്ങളും എടുക്കുവാൻ കൊടിയേരി ബാലകൃഷ്ണന് കഴിഞ്ഞിരുന്നു. കേരള കോൺഗ്രസ് (എം) പാർട്ടി പ്രതിനിധാനം ചെയ്യുന്ന അധ്വാന വർഗ്ഗത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പ്രതിനിധാനം ചെയ്യുന്ന തൊഴിലാളി വർഗ്ഗത്തെയും ഒരുപോലെ സമനിയിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുവാനുള്ള കാര്യപ്രാപ്തി കൊടിയേരി ബാലകൃഷ്ണനിൽ നാം ദർശിച്ചതാണ്. എന്നാൽ പെട്ടെന്ന് ഉണ്ടായ കൊടിയേരി ബാലകൃഷ്ണന്റെ വിയോഗം കേരള കോൺഗ്രസ് (എം) പാർട്ടിക്ക് ഇടതുമുന്നണിയിൽ എന്നമുൻധാരണ പ്രകാരം ലഭിച്ചുകൊണ്ടിരുന്ന സ്വീകാര്യതയിൽ കുറവു വന്നിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ദീർഘദൃഷ്ടിയോടുകൂടി കൊടിയേരി ബാലകൃഷ്ണൻ ജോസ് കെ മാണിയോട് കൂടി ചേർന്നുകൊണ്ട് വിഭാവനം ചെയ്ത മധ്യവർഗ്ഗത്തെ സ്വാധീനിക്കുന്ന ഇടത്തരം കർഷകരുടെ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ കൊടിയേരിയുടെ വിയോഗത്തിന് ശേഷം വേണ്ടത്ര ഇടപെടലുകൾ നടത്തുവാൻ കഴിയുന്നില്ല എന്നതാണ് സത്യം. ഇടതുമുന്നണിയിലെ മൂന്നാമത്തെ കക്ഷി എന്ന നിലയിൽ രണ്ടാം പിണറായി സർക്കാരിൽ കൂടുതൽ സ്വാധീനം ചെലുത്തുവാൻ കൊടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ അതുവഴി കേരള കോൺഗ്രസ് (എം) പാർട്ടിക്ക് കൂടുതൽ കഴിയുമായിരുന്നു. അതിനാൽ തന്നെ കൊടിയേരി ബാലകൃഷ്ണന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഉണ്ടാക്കിയ നഷ്ടത്തിനുമുകളിൽ വലിയൊരു നഷ്ടം കേരള കോൺഗ്രസ് (എം) പാർട്ടിക്ക് ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ് ‘ സമകാലീന രാഷ്ട്രീയം വിലയിരുത്തുന്നവർക്ക് മനസ്സിലാക്കാൻ കഴിയുന്നത്.

Facebook Comments Box

By admin

Related Post