Sun. May 19th, 2024

സിപിഎം സ്ഥാപക നേതാവ് എന്‍.ശങ്കരയ്യ അന്തരിച്ചു

By admin Nov 15, 2023
Keralanewz.com

ചെന്നൈ : മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ എന്‍ ശങ്കരയ്യ അന്തരിച്ചു.

101 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1922 ജൂലൈ 15നാണ് ശങ്കരയ്യയുടെ ജനനം. 1964 ലെ കൊല്‍ക്കത്ത സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായിരുന്നു‍. സിപിഎമ്മിനു രൂപം നല്‍കിയവരില്‍ വി.എസ്.അച്യുതാനന്ദന്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.

1967 ല്‍ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്നും 1977 ലും 1980 ലും മധുര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണ തമിഴ്‌നാട് നിയമസഭയിലേക്ക് ശങ്കരയ്യ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ട് മക്കളായ ചന്ദ്രശേഖറും നരസിമ്മനും പാര്‍ട്ടി നേതാക്കളാണ്.

സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ കൊരുത്ത് വിപ്ലവ ചെങ്കൊടിയുടെ തണലിലേക്കെത്തിയതാണു ശങ്കരയ്യയുടെ ജീവിതം.1941ല്‍ മധുര അമേരിക്കന്‍ കോളജിലെ തീപ്പൊരി നേതാവായാണു തുടക്കം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനു ബ്രിട്ടീഷ് സൈന്യം പിടികൂടി ജയിലിലടച്ചു.

എട്ടുവര്‍ഷത്തിനു ശേഷം രാജ്യം സ്വതന്ത്രമാകുന്നതിനു തലേന്നാണു പിന്നീട് ജയിലിനു പുറത്തിറങ്ങിയത്. ആദര്‍ശത്തിലും നിലപാടിലും അണുകിട വ്യതിചലിക്കാത്ത സഖാവിന്റെ പ്രസംഗങ്ങള്‍ വാളുപോലെ മൂര്‍ച്ചയുള്ളതാണ്. എന്‍ ശങ്കരയ്യുടെ അന്ത്യം ഇന്ത്യന്‍ രാഷ്‍ട്രീയത്തിന് തീരാനഷ്ടമാണ്.

Facebook Comments Box

By admin

Related Post