Tue. May 7th, 2024

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

By admin Dec 19, 2023
Keralanewz.com

തമിഴ്‌നാട്ടില്‍ മഴ ശക്തമായതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. 138.55 അടിയാണ് അണക്കെട്ടിന്‍റെ നിലവിലെ ജലനിരപ്പ്.

ജലനിരപ്പ് 142 അടിയിലേക്ക് എത്തിയാല്‍ അണക്കെട്ട് തുറക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം.

ഇന്നലത്തേതിനെ അപേക്ഷിച്ച്‌ നിലവില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ ശക്തിയില്‍ കുറവ് വന്നതായി അധികൃതര്‍ അറിയിക്കുന്നു. സെക്കൻഡില്‍ 7,500 ഘനയടിയാണ് നിലവിലെ നീരൊഴുക്ക്. ഇന്നലെ സെക്കൻഡില്‍ 15,000 ഘനയടിയായിരുന്നു.

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ഇന്നലെ ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പരമാവധി 10,000 ക്യുസെക്സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. എന്നാല്‍, നീരൊഴുക്ക് കുറഞ്ഞതിനാല്‍ വെള്ളം തുറന്നു വിടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് തുടരുകയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കോമറിൻ മേഖലയ്ക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് സംസ്ഥാനത്ത് മഴ സജീവമാക്കിയത്. അതേസമയം തമിഴ്‌നാട്ടില്‍ ശക്തമായ മഴയുള്ള സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറന്നേക്കും. കേരളത്തിലും തമിഴ്‌നാട്ടില്‍ കടലാക്രമണത്തിന് സാധ്യതയുണ്ട്.

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കാണ് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

Facebook Comments Box

By admin

Related Post