Sat. May 4th, 2024

തീരുമാനം തിരുത്തി സര്‍ക്കാര്‍; പുക പരിശോധന കാലാവധി 12 മാസമാക്കി ഉത്തരവിറക്കി

By admin Dec 30, 2023
Keralanewz.com

തിരുവനന്തപുരം: ആറു മാസ വാഹനപുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി തിരുത്തി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 12 മാസം കാലാവധിയായി ഉത്തരവിറക്കുകയും ചെയ്തു.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഭാരത് സ്‌റ്റേജ് 4 വാഹനങ്ങളുടെ കാലാവധിയാണ് നീട്ടിയത്.

2022-ല്‍ പുകപരിശോധന കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് പുകപരിശോധന സര്‍ട്ടിഫിക്കറ്റ് കാലാവധി ആറു മാസമാക്കി കുറയ്‌ക്കാൻ നിവേദനം നല്‍കിയിരുന്നു. ഇത് പരിഗണിച്ച്‌് മന്ത്രി നേരിട്ടാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധനക്കുള്ള 12 മാസത്തെ കാലാവധി ആറു മാസമായി വെട്ടിക്കുറച്ചത്.

സമയപരിധി കുറയ്‌ക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്നും മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കാലാവധി കുറച്ചതെന്നും ഗതാഗതസെക്രട്ടറി ബിജു പ്രഭാകറും, ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്തും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.

എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സമയപരിധി കുറച്ചതെന്ന് വ്യക്തമായിട്ടില്ലായിരുന്നു. കാലാവധിയെ കുറിച്ച്‌ വിദഗ്ധസമിതി പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം. എന്നാല്‍ അതും ഉണ്ടായിട്ടില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെയാണ് ഹൈക്കോടതി കേന്ദ്രം അനുവദിച്ച 12 മാസത്തെ കാലാവധി പിന്തുടരാൻ സംസ്ഥാനത്തിനോട് നിര്‍ദ്ദേശിച്ചത്.

Facebook Comments Box

By admin

Related Post