Sat. May 4th, 2024

മുല്ലപ്പെരിയാറില്‍ നിഷ്പക്ഷ പരിശോധനയെ എതിര്‍ത്ത് തമിഴ്‌നാട്, കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് സത്യവാങ്മൂലം

By admin Jan 9, 2024
Keralanewz.com

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിഷ്പക്ഷ പരിശോധനയെ എതിര്‍ത്ത് തമിഴ്‌നാട്. കേരളത്തിന്റെ ആവശ്യം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

സമഗ്ര പരിശോധന നടത്താൻ നിയമപരമായ അധികാരം അണക്കെട്ടിന്റെ ഉടമകളായ തങ്ങള്‍ക്കാണെന്നും തമിഴ്നാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ആ പരിശോധന 2026 ഡിസംബര്‍ 31-നകം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും തമിഴ്നാട് സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്നാടിനെ ചുമതലപ്പെടുത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ നിലപാടിനെതിരെ കേരളം നേരത്തെ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.

രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന നിഷ്പക്ഷ സമിതിയേക്കൊണ്ട് അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്.

സുരക്ഷാ പരിശോധനയ്ക്ക് തമിഴ്‌നാടിനെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശമടങ്ങുന്ന സത്യവാങ്മൂലം കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര ജല കമ്മീഷനും മേല്‍നോട്ട സമിതിയും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, ഇരു സംസ്ഥാനങ്ങളിലെയും പ്രതിനിധികളും രാജ്യാന്തര തലത്തിലുള്ള വിദഗ്ധരും അടങ്ങുന്ന സമിതി അണക്കെട്ട് പരിശോധിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്.

Facebook Comments Box

By admin

Related Post