Mon. May 6th, 2024

കോട്ടയം സീറ്റ്‌ ജോസഫ്‌ വിഭാഗത്തിനു തന്നെ; സ്‌ഥാനാര്‍ഥിയെ കോണ്‍ഗ്രസ്‌ തീരുമാനിക്കും , കേരളാ കോണ്‍ഗ്രസ്‌ – കോണ്‍ഗ്രസ്‌ സീറ്റ്‌ ചര്‍ച്ച ഇന്ന്‌

By admin Jan 25, 2024
Keralanewz.com

കോട്ടയം: കോട്ടയം പാര്‍ലമെന്റ്‌ സീറ്റ്‌ യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിനു തന്നെ നല്‍കും. ഇന്നു തിരുവനന്തപുരത്ത്‌ ചേരുന്ന കോണ്‍ഗ്രസ്‌-കേരള കോണ്‍ഗ്രസ്‌ ഉഭയകക്ഷി ചര്‍ച്ചയില്‍ അന്തിമ തീരുമാനമെടുക്കും.

കോണ്‍ഗ്രസില്‍ നിന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനും യു.ഡി.എഫ്‌. കണ്‍വീനര്‍ എം.എം ഹസനുമാണ്‌ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്‌. കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ പി.ജെ. ജോസഫും മോന്‍സ്‌ ജോസഫും പങ്കെടുക്കും.
ഫ്രാന്‍സിസ്‌ ജോര്‍ജ്‌, പി.സി. തോമസ്‌, കെ.എം. മാണിയുടെ മരുമകന്‍ എം.പി ജോസഫ്‌ എന്നീ പേരുകളാണ്‌ അവസാന റൗണ്ടില്‍ ഉയരുന്നത്‌. മൂവരും മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്‌. അഡ്വ. പ്രിന്‍സ്‌ ലൂക്കോസ്‌, സജി മഞ്ഞക്കടമ്ബില്‍ എന്നിവരുടെ പേരുകളും തുടക്കത്തില്‍ ഉയര്‍ന്നുകേട്ടിരുന്നു. സീറ്റ്‌ കേരള കോണ്‍ഗ്രസിനാണെങ്കിലും സ്‌ഥാനാര്‍ഥി ആരാകണം എന്നത്‌ സംബന്ധിച്ച്‌ കോണ്‍ഗ്രസിന്റെ താല്‍പര്യം കൂടി പരിഗണിക്കണമെന്ന ഉപാധിയോടെയാണ്‌ കോട്ടയം സീറ്റ്‌ കേരള കോണ്‍ഗ്രസിന്‌ നല്‍കുന്നത്‌.
കേരള കോണ്‍ഗ്രസ്‌ മാണി-ജോസഫ്‌ വിഭാഗങ്ങള്‍ ഒരുമിച്ച്‌ നിന്നപ്പോഴാണു കോട്ടയം സീറ്റ്‌ നല്‍കിയതാണെന്നും മാണി വിഭാഗം മുന്നണി വിട്ട സാഹചര്യത്തില്‍ സീറ്റ്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്നുമുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്‌തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലുളള സാഹചര്യത്തില്‍ ജോസഫ്‌ വിഭാഗത്തിന്‌ ഒരു സീറ്റ്‌ വിട്ടുകൊടുക്കേണ്ടിവരുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ കോട്ടയം പാര്‍ലമെന്റ്‌ സീറ്റ്‌ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിനാണെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ എം.എം. ഹസന്‍ കോട്ടയത്ത്‌ പറഞ്ഞത്‌.
മുന്‍ എം.പി.മാര്‍ എന്ന പരിഗണന ഫ്രാന്‍സിസ്‌ ജോര്‍ജിനും പി.സി. തോമസിനും ഗുണകരമാകുമ്ബോള്‍ റിട്ട.സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥനെന്ന മെച്ചവും ജോസ്‌ കെ. മാണിയുടെമുന്നണിമാറ്റത്തെ പരസ്യമായി എതിര്‍ത്തെന്ന പരിഗണനയും എം.പി. ജോസഫിന്‌ അനുകൂലമാകുന്നുണ്ട്‌. അതേസമയം പി.ജെ. ജോസഫ്‌ മനസ്‌ തുറക്കാത്തതിനാല്‍ ആശയക്കുഴപ്പം പരമാവധി മുതലെടുക്കുകയാണ്‌ എല്‍.ഡി.എഫ്‌ ലക്ഷ്യം.
ഒദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇടതുമുന്നണിയില്‍ തോമസ്‌ ചാഴികാടന്‍ പ്രചരണ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചുകഴിഞ്ഞു. എം.പി. എന്ന നിലയിലുളള കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ പ്രവര്‍ത്തനം.
ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി അല്‍ഫോന്‍സ്‌ കണ്ണന്താനം മത്സരിക്കുമെന്ന പ്രചരണവും ശക്‌തമാണ്‌. എം.പി. ജോസഫിനും അല്‍ഫോന്‍സ്‌ കണ്ണന്താനത്തിനും സീറ്റ്‌ ലഭിച്ചാല്‍ രണ്ടു മുന്‍ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും കോട്ടയത്തിനുണ്ടാകും.

Facebook Comments Box

By admin

Related Post