Sun. May 5th, 2024

ചിന്നക്കനാലില്‍ വീണ്ടും കൈയേറ്റം ഒഴിപ്പിച്ച്‌ ദൗത്യസംഘം

By admin Feb 23, 2024
Keralanewz.com

മൂന്നാര്‍: ചിന്നക്കനാലില്‍ വീണ്ടും കൈയേറ്റം ഒഴിപ്പിച്ചു ദൗത്യസംഘം. വെള്ളുക്കുന്നേല്‍ കുടുംബം അനധികൃതമായി വ്യാജ പട്ടയം നിര്‍മിച്ചു കൈവശപ്പെടുത്തിയ മൂന്നേക്കര്‍ ഭൂമിയും ഇവിടെയുണ്ടായിരുന്ന റിസോര്‍ട്ടുമാണ്‌ ദൗത്യസംഘം ഏറ്റെടുത്തത്‌.

സൂര്യനെല്ലി താവളത്തില്‍ സര്‍വേ നമ്ബര്‍ 34/1ല്‍ പെട്ട മൂന്നേക്കര്‍ സ്‌ഥലമായിരുന്നു ജിജി സ്‌കറിയ, അനിത ജിജി എന്നിവരുടെ പേരില്‍ വ്യാജ പട്ടയം ഉണ്ടാക്കി കൈവശപ്പെടുത്തിയിരുന്നത്‌.
ഈഗിള്‍സ്‌ നെസ്‌റ്റ്‌ എന്ന പേരില്‍ ഇവിടെ റിസോര്‍ട്ടും പ്രവര്‍ത്തിച്ചു വന്നിരുന്നു. 67/77 നമ്ബര്‍ പട്ടയം വ്യാജമാണെന്ന്‌ കണ്ടെത്തിയ റവന്യൂ വകുപ്പ്‌ നടപടികളിലേക്കു കടന്നു. തുടര്‍ന്ന്‌ കൈയേറ്റക്കാരന്‍ ലാന്‍ഡ്‌ റവന്യൂ കമ്മീഷണറെ സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചു. പിന്നീട്‌ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ജനുവരി പതിനെട്ടാം തീയതി ഇവര്‍ നല്‍കിയ റിട്ടും ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ ഭൂമി വിട്ടുനില്‍ക്കാന്‍ ഒരു മാസത്തെ സമയവും അനുവദിച്ചിരുന്നു. കഴിഞ്ഞ പതിനേഴാം തീയതി ഈ സമയം അവസാനിച്ചതിനെ തുടര്‍ന്നാണ്‌ റവന്യൂ വകുപ്പ്‌ ഒഴിപ്പിക്കല്‍ നടപടികളിലേക്ക്‌ കടന്നത്‌.
റിസോര്‍ട്ടും സെക്യൂരിറ്റി ക്യാബിനുമടക്കം അഞ്ചുകെട്ടിടങ്ങളും റവന്യൂ വകുപ്പ്‌ സീല്‍ ചെയ്‌തു സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്‌ഥാപിച്ചിട്ടുണ്ട്‌. ഇടുക്കി സബ്‌ കലക്‌ടര്‍ അരണ്‍ എസ്‌. നായര്‍ തഹസില്‍ദാര്‍ സീമാ ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്‌.

Facebook Comments Box

By admin

Related Post