Sat. May 4th, 2024

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുത്- സുപ്രീംകോടതി

By admin Mar 5, 2024
Keralanewz.com

ന്യൂഡല്‍ഹി: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ പേരില്‍ സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി.

കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരെ സർക്കാർ നല്‍കിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. സിസ തോമസിന് എതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ ഹർജി നല്‍കിയതിനെയും കോടതി വിമർശിച്ചു.

സർക്കാരിന്റെ അനുമതി കൂടാതെ സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവി ഏറ്റെടുത്തതിന് സിസ തോമസിന് സംസ്ഥാന സർക്കാർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 48-ാം വകുപ്പ് പ്രകാരം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും സർക്കാരിന് അധികാരമുണ്ടെന്ന് സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. എന്നാല്‍ ഈ വാദത്തോട് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വിയോജിച്ചു.

സിസ സർക്കാർ ജീവനക്കാരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഗവർണർ-സർക്കാർ തർക്കത്തിന്റെ പേരില്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുത് എന്ന് സുപ്രീംകോടതി അഭിപ്രയപെട്ടത്. വിശദമായി വാദം കേള്‍ക്കണം എന്ന സർക്കാർ ആവശ്യം നിരാകരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഹർജി തള്ളിയത്. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. തടസ്സ ഹർജി നല്‍കിയിരുന്ന സിസ തോമസിനു വേണ്ടി സീനിയർ അഭിഭാഷകൻ രാഘവേന്ദ്ര ശ്രീവത്സാ, അഭിഭാഷകരായ ഉഷ നന്ദിനി, കോശി ജേക്കബ് എന്നിവർ ഹാജരായി.

മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്നാണ് ഗവർണ്ണർ യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ പ്രകാരവും യുജിസി ചട്ടങ്ങള്‍ പ്രകാരവും സിസ തോമസിനെ താല്‍കാലിക വൈസ് ചാൻസലറായി നിയമിച്ചത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയ സമീപിച്ചപ്പോള്‍ സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു. അതിനുശേഷമാണ് സർക്കാരിന്റെ അനുമതി കൂടാതെ വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തു എന്നാരോപിച്ച്‌ അവർക്ക് സർക്കാർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സിസ തോമസിന് അനുകൂലമായി നേരത്തെ കേരള ഹൈക്കോടതി വിധിച്ചിരുന്നു.

Facebook Comments Box

By admin

Related Post