Sat. May 4th, 2024

മുസ്ലിംവിരുദ്ധ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

By admin Apr 23, 2024
Keralanewz.com

കണ്ണൂർ: രാജ്യത്തെ മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്ന് അധിക്ഷേപിച്ച്‌ പ്രസംഗിച്ച പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

ശ്രീകണ്ഠപുരത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജസ്ഥാനില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണ്. സ്വാതന്ത്യസമര പ്രസ്ഥാനം ശക്തിപ്പെടുത്തി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും വലിയ പങ്കുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പോരാടി രക്തസാക്ഷിത്വം വരിച്ചവരില്‍ മുസ്ലിങ്ങളുമുണ്ട്.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഒരുപങ്കും വഹിക്കാതെ ബ്രിട്ടീഷുകാരുടേതിനുസമാനമായ താല്‍പ്പര്യമാണ് തങ്ങളുടേതുമെന്ന് പ്രഖ്യാപിച്ചവരാണ് ആർഎസ്‌എസ്. ആ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മോദിയെപ്പോലുള്ളവർക്കുമാത്രമേ ഇത്തരം വർഗീയജല്‍പ്പനം നടത്താനാവൂ. ജനാധിപത്യത്തിന്റെ മൂല്യമുയർത്താൻ ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ ഉണരണം.

നിരവധി വർഗീയ കലാപങ്ങള്‍ക്കാണ് സംഘപരിവാർ നേതൃത്വം നല്‍കിയത്. ഗുജറാത്തില്‍ ലക്ഷ്യമിട്ടത് വംശഹത്യയായിരുന്നു. മണിപ്പുരില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ നടന്നതും വംശഹത്യയാണ്. ക്രിസ്ത്യാനികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ രേഖപ്പെടുത്തേണ്ടെന്നു തീരുമാനിച്ചാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് പറയുന്നത്. പല സംസ്ഥാനങ്ങളിലും സംഘപരിവാർ നടത്തുന്ന ന്യൂനപക്ഷവേട്ടയ്ക്ക് കൂട്ടുനില്‍ക്കുകയാണ് കേന്ദ്രസർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post