Sat. May 4th, 2024

ആദിവാസികളെ അപമാനിക്കരുത്, വയനാട്ടില്‍ ഭക്ഷ്യക്കിറ്റ് കണ്ടെത്തിയ സംഭവം ; പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി

By admin Apr 25, 2024
Keralanewz.com

കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരിയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ ഭക്ഷ്യകിറ്റുകള്‍ എത്തിച്ച സംഭവത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 200 രൂപയുടെ കിറ്റ് കൊടുത്താല്‍ ആദിവാസി സമൂഹം വോട്ടുചെയ്യുമെന്ന് അര്‍ത്ഥമാക്കുന്നത് ആദിവാസി ഗോത്ര സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നു പറഞ്ഞു. ആദിവാസി സമൂഹത്തിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്തതിന് എല്‍ഡിഎഫും യുഡിഎഫും മാപ്പു പറയണമെന്നും പറഞ്ഞു.

വയനാട്ടില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വ്യാപകമായി കിറ്റുകള്‍ എത്തിച്ച സംഭവത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി ഇടത് – വലത് മുന്നണികള്‍ നേരത്തേ രംഗത്ത് വന്നിരുന്നു. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ മുറുക്കാനുള്ള വെറ്റിലയും പാക്കും പുകയിലയുമടക്കം ഉള്‍പ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മാനന്തവാടി കെല്ലൂരിലും കിറ്റുകള്‍ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്. അഞ്ചാം മൈലിലെ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് സിപിഎം ആരോപിച്ചു. നേരെ ചൊവ്വേ മത്സരിച്ചാല്‍ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ ബിജെപി ശ്രമിക്കുന്നതായും ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണ് ഇതെന്നു സിപിഎമ്മും കുറ്റപ്പെടുത്തി. ഇന്നലെ ഒരു ലോറിയില്‍ നിന്നാണ് ഗോഡൗണില്‍ നിന്ന് കിറ്റുകള്‍ കണ്ടെത്തിയത്. പിന്നീട് കെല്ലൂരിലെ കിറ്റ് വിതരണ ആരോപണത്തെ തുടര്‍ന്നാണ് ഇവിടെ പ്രതിഷേധം തുടര്‍ന്നത്. കടയ്ക്ക് അകത്ത് കയറി പരിശോധിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post