Sun. May 5th, 2024

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ആവശ്യപ്പെട്ടു; സന്ദീപ് നായര്‍

By admin Oct 10, 2021 #E D #SANDEEP NAIR
Keralanewz.com

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെന്ന് മാപ്പുസാക്ഷിയായിരുന്ന സന്ദീപ് നായര്‍. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെയും കെ.ടി ജലീല്‍ എംഎല്‍എയുടെയും പേരുപറയാനും ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ചതിനുശേഷമായിരുന്നു സന്ദീപ് നായരുടെ വെളിപ്പെടുത്തലുകള്‍.

‘കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചത് ഇ.ഡി ഉദ്യോഗസ്ഥരാണ്. കെ.ടി ജലീലിന്റെയും പി.ശ്രീരാമകൃഷ്ണന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ പേര് പറയാനും ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. കേസില്‍ നിന്ന് രക്ഷിക്കാമെന്നും ഇ.ഡി വാഗ്ദാനം നല്‍കിയിരുന്നു.

സ്വപ്നാ സുരേഷിനെ സഹായിക്കാനാണ് കൂടെ ഒളിവില്‍ പോയത്. അഭിഭാഷകന്റെ ഉപദേശം ഇക്കാര്യത്തില്‍ തേടിയിരുന്നു. സ്വര്‍ണക്കടത്തിലെ പങ്കിനെ കുറിച്ച്‌ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പക്ഷേ യുഎഇ കോണ്‍സുലേറ്റില്‍ നിന്നൊരു ബാഗേജ് വന്നിരുന്നു. അത് വാങ്ങാന്‍ പോകുന്നതിനെ കുറിച്ച്‌ സ്വപ്നയും സരിത്തുമടക്കമുള്ളവര്‍ പറഞ്ഞാണ് കേട്ടത്. പി.എസ് സരിത്ത് വഴിയാണ് സ്വപ്നയെ പരിചയപ്പെടുന്നതെന്നും സന്ദീപ് പറഞ്ഞു.
ലെഫ് മിഷന്‍ പദ്ധതി ഇടപാടില്‍ കമ്മിഷന്‍ കിട്ടിയിരുന്നു. അത് നിയമപരമായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ പരിചയമുണ്ടായിരുന്നെന്നും ശിവശങ്കറിന് കേസില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സന്ദീപ് നായര്‍ പ്രതികരിച്ചു.

Facebook Comments Box

By admin

Related Post