Sun. May 5th, 2024

ഭാര്യമാര്‍ക്ക് തുല്യപരിഗണനയില്ലെങ്കില്‍ വിവാഹമോചനമാകാം; കേരളാ ഹൈക്കോടതി

By admin Dec 18, 2021 #news
Keralanewz.com

കൊച്ചി: ഒന്നിലധികം വിവാഹം (Marriage) കഴിച്ച മുസ്ലീം (Muslim) ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കി സംരക്ഷിക്കുന്നില്ലെങ്കില്‍ വിവാഹമോചനത്തിന് (Divorce) അത് മതിയായ കാരണമാണെന്ന് ഹൈക്കോടതി (Kerala High Court). ഒരു വിവാഹം നിലനില്‍ക്കെ മറ്റൊരാളെ വിവാഹം ചെയ്താല്‍ ഇരുവരെയും ഒരു പോലെ സംരക്ഷിക്കണമെന്നു ഖുര്‍ആന്‍ (Quran) അനുശാസിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണ്ടി.വിവാഹ മോചനം നടത്താതെ രണ്ടാമത് വിവാഹം കഴിക്കുന്ന വ്യക്തി ആദ്യ ഭാര്യയുമായി അകന്നു ജീവിക്കുന്നതും തുല്യ പരിഗണന നല്‍കാതിരിക്കുന്നതും മുസ്ലിം വിവാഹമോചനനിയമത്തിലെ സെക്ഷന്‍ 2(8)(എഫ്) വകുപ്പ് പ്രകാരം വിവാഹമോചനത്തിന് കാരണമാണെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

വിവാഹമോചനം തേടി തലശ്ശേരി കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരേ തലശ്ശേരി സ്വദേശിനി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

1991-ലാണ് ഹര്‍ജിക്കാരിയായ യുവതി വിവാഹം കഴിക്കുന്നത്. 2014 മുതല്‍ ഭര്‍ത്താവ് തന്റെയടുത്ത് വരാറില്ലെന്ന് ചൂണ്ടിക്കാട്ടി 2019-ലാണ് വിവാഹമോചനഹര്‍ജി നല്‍കിയത്. 2014 മുതല്‍ ഭര്‍ത്താവ് വരാറില്ലെന്നും മൂന്ന് വര്‍ഷമായി ദാമ്ബത്യ ബന്ധത്തിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്നും രണ്ട് വര്‍ഷമായി ചിലവിന് നല്‍കുന്നില്ലെന്നും ഹര്‍ജിക്കാരി അറിയിച്ചു.

എന്നാല്‍, ഇവര്‍ ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം ഇവരുടെ മൂന്ന് കുട്ടികളെ ചൂണ്ടിക്കാട്ടി കോടതി തള്ളുകയായിരുന്നു.

ഒന്നിലേറെ വിവാഹം കഴിക്കുകയാണെങ്കില്‍ ഭാര്യമാരെ തുല്യപരിഗണന നല്‍കി സംരക്ഷിക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നതെന്നും അതിനുവിരുദ്ധമായി ഒരാളില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ വിവാഹമോചനം അനുവദിക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

വൈവാഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവാണ് വീഴ്ചവരുത്തിയതെന്ന് വിലയിരുത്തിയ കോടതി ചിലവിന് നല്‍കി എന്നത് വൈവാഹിക കടമ നിര്‍വഹിച്ചതിന് തുല്യമായി കണ്ട കുടുംബകോടതിയുടെ നിഗമനം തെറ്റാണെന്നും വ്യക്തമാക്കി. കുടുംബക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, ഹര്‍ജിക്കാരിക്കു വിവാഹ മോചനം അനുവദിച്ചു.

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ മന്ത്രിസഭയുടെ അനുമതി

ന്യൂഡല്‍ഹി: സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം (Legal Marriage Age) പുരുഷന്മാരുടേതിന് സമാനമായി 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ (Union Cabinet) ബുധനാഴ്ച അനുമതി നല്‍കി. 2020 ലെ സ്വാതന്ത്ര്യ ദിനത്തില്‍ (Independence Day) പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും ഒരു വര്‍ഷത്തിന് ശേഷമാണ് മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നത്.

മാതൃത്വത്തിന്റെ പ്രായം, മാതൃമരണ നിരക്ക് കുറയ്ക്കേണ്ടതിന്റെ ആവശ്യകതകള്‍, പോഷകാഹാര നില മെച്ചപ്പെടുത്തല്‍, അനുബന്ധ പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രം നിയോഗിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

വിദഗ്ധരുമായും യുവാക്കളുമായും, പ്രത്യേകിച്ചും യുവതികളുമായും വിപുലമായ കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ് ശേഷമാണ് സമതാ പാര്‍ട്ടിയുടെ മുന്‍ അംഗം ജയാ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ശുപാര്‍ശകള്‍ തയ്യാറാക്കിയത്

Facebook Comments Box

By admin

Related Post