Sun. May 5th, 2024

‘പാര്‍ലമെന്‍ററി വ്യാമോഹം, സ്ഥാനമാനങ്ങളില്‍ കടിച്ചുതൂങ്ങല്‍..’ : നേതാക്കളുടെ പേര് പറയാതെ കുത്തി സി.പി.എം

By admin Mar 2, 2022 #cpim state conference
Keralanewz.com

കൊച്ചി: ചില നേതാക്കളുടെ പാര്‍ലമെന്‍ററി വ്യാമോഹവും സാമ്ബത്തിക സ്രോതസ്സുകളെ ആശ്രയിക്കലും സ്ഥാനമാനങ്ങളില്‍ കടിച്ചുതൂങ്ങി നില്‍ക്കാനുള്ള പ്രവണതയും പാര്‍ട്ടിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നുള്ള എല്‍.ഡി.എഫ് പ്രതിനിധികളുടെ എണ്ണം 2004ലേതിന് സമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തന പരിപാടിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാര്‍ട്ടിയില്‍ എല്ലാവരും തിരുത്തലിന് വിധേയമാകണം. പാര്‍ലമെന്‍റി വ്യാമോഹം വെച്ചുപൊറുപ്പിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു.

ഒരാള്‍ പാര്‍ലമെന്‍റി സ്ഥാനത്ത് എത്തിയാല്‍ പിന്നീട് ആര്‍ക്കുവേണ്ടിയും ഒഴിയില്ലെന്ന സ്ഥിതിയാണുള്ളത്. ഇത് ശരിയല്ല. ആലപ്പുഴയില്‍ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ജി. സുധാകരന് എതിരായി ഉയര്‍ന്ന ആക്ഷേപവും പരസ്യശാസനയുടെയും പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിലെ നിരീക്ഷണം.

പക്ഷേ, സുധാകരന്‍റെ പേരോ അദ്ദേഹത്തിന് എതിരായ നടപടിയോ റിപ്പോര്‍ട്ടിന്‍റെ ഭാഗമാക്കിയിട്ടില്ല. ചിലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന് മുമ്ബേ സ്വയം സ്ഥാനാര്‍ഥിയായി തിരുമാനിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയ അനുഭവവും ഉണ്ടായി. ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.കെ. മധുവിന്‍റെ പേര് എടുത്ത് പറയാതെ വ്യക്തമാക്കുന്നു. ചിലര്‍ അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പാര്‍ട്ടിക്ക് പുറത്ത് ചില സാമ്ബത്തിക സ്രോതസ്സുകളെ ആശ്രയിക്കുന്ന ദുഷ്പ്രവണതയുമുണ്ട്.

കഴിഞ്ഞ തൃശൂര്‍ സമ്മേളനത്തില്‍ എടുത്ത ബി.ജെ.പിയെ ഒറ്റപ്പെടുത്തുക, യു.ഡി.എഫിനെ പരമാവധി പരാജയപ്പെടുത്തുക എന്ന തീരുമാനത്തില്‍ ലക്ഷ്യം നേടാന്‍ കഴിഞ്ഞു. എല്‍.ഡി.എഫ് വികസനമാണ് കഴിഞ്ഞ സമ്മേളനം ലക്ഷ്യമായി കണ്ടത്. എല്‍.ജെ.ഡിയും കേരള കോണ്‍ഗ്രസും യു.ഡി.എഫ് വിട്ട് വന്നതോടെ അതും സാധ്യമായി. എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനം മുഴുവന്‍ നടപ്പാക്കണം. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രവര്‍ത്തകരെ സജ്ജമാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ബി.ജെ.പി സര്‍ക്കാറിനെ കേന്ദ്രത്തില്‍നിന്ന് പുറത്താക്കാന്‍ നിര്‍ണായക റോള്‍ കേരളത്തിലെ സി.പി.എമ്മിനുണ്ട്. ഇതിനായി ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പാര്‍ലമെന്‍റിലെ അംഗബലം വര്‍ധിപ്പിക്കണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 19 സീറ്റില്‍ വിജയിച്ചെങ്കിലും കോണ്‍ഗ്രസിന് മുഖ്യപ്രതിപക്ഷം പോലും ആകാന്‍ കഴിഞ്ഞില്ല. ഇത് ജനങ്ങളുടെ മനസ്സിലുണ്ട്. ഈ സാഹചര്യം വിശദീകരിച്ച്‌ ജനങ്ങളെ എല്‍.ഡി.എഫിന് പിന്നില്‍ അണിനിരത്തണം. ഇതിനാവശ്യമായ പ്രചാരണ പ്രവര്‍ത്തനം വരും നാളുകളില്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

Facebook Comments Box

By admin

Related Post