Mon. May 20th, 2024

രാജ്യമൊട്ടാകെ 21 വ്യാജ സര്‍വകലാശാലകള്‍;പട്ടിക പുറത്തുവിട്ട് യുജിസി

By admin Aug 27, 2022 #news
Keralanewz.com

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 21 സര്‍വകലാശാലകള്‍ വ്യാജമെന്ന് പ്രഖ്യാപിച്ച് യുജിസി. ഈ സര്‍വകലാശാലകള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ യോഗ്യതയില്ലെന്നും യുജിസി അറിയിച്ചു.ഡല്‍ഹിയും ഉത്തര്‍പ്രദേശും കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം വ്യാജ സര്‍വകലാശാലകളും. യുജിസി ആക്ടിന് വിരുദ്ധമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പട്ടികയില്‍ കേരളത്തിലെ സെന്റ് ജോണ്‍സ് സര്‍വകലാശാലയും ഉള്‍പ്പെടുന്നു. ഈ സര്‍വകലാശാലകള്‍ക്ക് ബിരുദം നല്‍കാന്‍ യോഗ്യതയില്ലെന്ന് യുജിസി സെക്രട്ടറി രാജ്നിഷ് ജെയ്ന്‍ അറിയിച്ചു.

ഡല്‍ഹിയില്‍ മാത്രം എട്ടു സര്‍വകലാശാലകളാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്റ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, വിശ്വകര്‍മ്മ ഓപ്പണ്‍ സര്‍വകലാശാല ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.

ഗാന്ധി ഹിന്ദി വിദ്യാപീഠം, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി ഉള്‍പ്പെടെ ഏഴു സര്‍വകലാശാലകളാണ് ഉത്തര്‍പ്രദേശില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഓരോ സര്‍വകലാശാലകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായും യുജിസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

Facebook Comments Box

By admin

Related Post