Tue. May 7th, 2024

ഇസ്രായേല്‍ വന്‍ തകര്‍ച്ചയില്‍; ജോലി തേടി പോയവര്‍ വെട്ടിലാകുമോ? പുതിയ കണക്ക് ഞെട്ടിക്കുന്നത്

By admin Feb 24, 2024
Keralanewz.com

ടെല്‍ അവീവ്: അമേരിക്കയുടേയും യൂറോപ്പിന്റെയും സഹായം മുഴുവന്‍സമയം ലഭിക്കുന്നതുകൊണ്ട് മികച്ച സാമ്ബത്തിക ഭദ്രത നേടിയ രാജ്യമാണ് ഇസ്രായേല്‍.

ഗള്‍ഫിലേതുള്‍പ്പെടെ അറബ് രാജ്യങ്ങളുമായും ഇസ്രായേല്‍ സഹകരണത്തിന് തുടക്കമിട്ടിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായി നിലവില്‍ വന്ന അബ്രഹാം കരാര്‍ ഇതിന്റെ ഭാഗമാണ്. സൗദിയുമായും കരാര്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

പ്രതിരോധം, ടൂറിസം, കാര്‍ഷികം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെല്ലാം വലിയ കുതിപ്പ് നടത്തിയ ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി ആദ്യം നല്‍കിയത് ഗാസയിലെ ഹമാസ് ആണ്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് അതിര്‍ത്തി കടന്ന് ശക്തമായ ആക്രമണം നടത്തുകയായിരുന്നു ഹമാസ്. 1200ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ട ഈ സംഭവത്തിന് ശേഷം ചിത്രം മറ്റൊന്നായി. ഇതിന്റെ പുതിയ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.

ഇസ്രായേല്‍ ജിഡിപി തകര്‍ന്നിരിക്കുന്നു എന്നാണ് പുതിയ കണക്ക്. ഇസ്രായേല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023ലെ അവസാന പാദത്തില്‍ 19.4 ശതമാനം ഇടിവാണ് ജിഡിപിയിലുണ്ടായത്. 2020ന് ശേഷം ഇത്രയും തകര്‍ച്ച ഇസ്രായേല്‍ നേരിടുന്നത് ആദ്യമാണത്രെ. അതേസമയം, 2023ലെ മൊത്തം കണക്ക് നോക്കിയാല്‍ 2 ശതമാനം ജിഡിപി വളര്‍ന്നു.

ഹമാസിന്റെ ആക്രമണം നടന്ന ശേഷമാണ് ഇസ്രായേല്‍ സാമ്ബത്തികമായി തകരാന്‍ തുടങ്ങിയത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ബാങ്ക് ഓഫ് ഇസ്രായേലിന്റെ പ്രവചന പ്രകാരം 2023ല്‍ സാമ്ബത്തിക രംഗം 2.3 ശതമാനം വളര്‍ച്ച വരേണ്ടതാണ്. ഇതാണ് രണ്ട് ശതമാനത്തില്‍ ഒതുങ്ങിയത്. മാത്രമല്ല, അവസാന പാദത്തില്‍ വലിയ നഷ്ടം നേരിടുകയും ചെയ്തു. നിക്ഷേപ തോത് 70 ശതമാനം ഇടിഞ്ഞു.

ഇസ്രായേലിന്റെ കയറ്റുമതി 18.3 ശതമാനം ഇടിഞ്ഞു. ഇറക്കുമതി 42.4 ശതമാനമായി. വിമാനങ്ങള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ് കയറ്റുമതിയും ഇറക്കുമതിയും പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണം. ചരക്കു കപ്പലുകള്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുകടത്ത് നിര്‍ത്തിവച്ചതും തിരിച്ചടിയായി. ചെങ്കടലില്‍ ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ യമനിലെ ഹൂതി വിമതര്‍ ആക്രമിക്കുകയാണ്.

ഇതോടെ ഇസ്രായേലിലേക്ക് വരുന്ന ചരക്കു കപ്പലുകള്‍ പിന്നാക്കം പോയി. മാത്രമല്ല, വരാന്‍ തയ്യാറായ കപ്പലുകളാകട്ടെ, ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ത്തുകയും ചെയ്തു. ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്ക വഴി കപ്പലുകള്‍ വരാന്‍ തുടങ്ങിയതോടെ ചെലവ് വര്‍ധിച്ചു. ഇതെല്ലാം ഇസ്രായേലില്‍ വിലക്കയറ്റത്തിന് ഇടയാക്കി. ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന വലിയൊരു വിഭാഗം പലസ്തീന്‍കാരായിരുന്നു. യുദ്ധം തുടങ്ങിയതോടെ ഇവര്‍ക്ക് ജോലിക്ക് വരാന്‍ പറ്റാതായി. ഇത് തൊഴില്‍ വിപണിയെ ശരിക്കും ബാധിച്ചു.

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ഇസ്രായേലിലേക്ക് ജോലി തേടി പോകുന്ന നിരവധി പേരുണ്ട്. യുദ്ധം തുടരുന്നതിനാല്‍ ജോലി തേടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. ഇസ്രായേലിലെ ഹൈഫ തുറമുഖം പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുന്നില്ല. ഹമാസിനെ പരാജയപ്പെടുത്താനോ ഹമാസ് നേതാക്കളെ പിടികൂടാനോ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവര്‍ത്തിക്കുന്നത്. ഇതിനകം 30000 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Facebook Comments Box

By admin

Related Post