Mon. May 6th, 2024

പുതിയ പാമ്ബൻ പാലം യാഥാര്‍ത്ഥ്യമാകുന്നു; ജൂണില്‍ തുറക്കും, ചെലവ് 535 കോടി രൂപ, മോദി തറക്കല്ലിട്ടത് 2019ല്‍

By admin Apr 24, 2024
Keralanewz.com

രാമേശ്വരം: രാമനാഥപുരം മണ്ഡപം മുതല്‍ രാമേശ്വരം വരെ കടലിന് മീതേ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കല്‍ ലിഫ്റ്റ് റെയില്‍ പാലം യാഥാർത്ഥ്യമാകുന്നു.

ധനുഷ്‌കോടിയെ പ്രേതനഗരമാക്കുകയും 115 യാത്രക്കാരുള്ള ഒരു ട്രെയിൻ കടല്‍ വിഴുങ്ങുകയും ചെയ്‌ത 1964ലെ ചുഴലിക്കൊടുങ്കാറ്റിന്റെ കെടുതികളുടെ സ്മാരകമായ പാമ്ബൻ പാലത്തിന് പകരമാണിത്. 110 വർഷം പഴക്കമുള്ള നിലവിലെ പാലം സുരക്ഷാ കാരണങ്ങളാല്‍ 2022 ഡിസംബർ 23ന് അടച്ചിരുന്നു.

2.08 കിലോമീറ്ററുള്ള പുതിയ പാലം ജൂണ്‍ 30നു മുമ്ബ് പൂർത്തിയാകും. 535 കോടി രൂപയാണ് നിർമാണച്ചെലവ്. ഇതോടെ രാമേശ്വരം, ധനുഷ്‌കോടി യാത്ര കൂടുതല്‍ സുഗമമാകും. പാലത്തിന്റെ 2.65 ഡിഗ്രി വളഞ്ഞ വിന്യാസമാണ് പ്രധാന സവിശേഷത. ലിഫ്റ്റ് സ്പാനിന്റെ ഫിക്സിംഗ് പോയിന്റ് നി‌ർമ്മാണം ഈ മാസം പൂർത്തിയാകും.

പുതിയ പാലത്തിന് 2019 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. റെയില്‍ വികാസ് നിഗം ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല. 2020 ഫെബ്രുവരിയില്‍ നിർമ്മാണം ആരംഭിച്ചെങ്കിലും കൊവിഡ് കാരണം നീണ്ടു. 1988ല്‍ റോഡ് പാലം തുറക്കും മുമ്ബ് മണ്ഡപത്തേയും രാമേശ്വരം ദ്വീപിനേയും ബന്ധിപ്പിച്ചിരുന്നത് ഈ പാലമായിരുന്നു.

പുതിയ പാലം

സമുദ്രനിരപ്പില്‍ നിന്ന് 12.5 മീറ്റർ ഉയരം. പഴയ പാലത്തേക്കാള്‍ മൂന്ന് മീറ്റർ കൂടുതല്‍

ബോട്ടുകളും കപ്പലുകളും കടന്നുപോകാനായി മദ്ധ്യത്തിലെ 72.5 മീറ്റർ നീളമുള്ള സ്‌പാൻ കുത്തനെ ഉയരും.

22 മീറ്റർ വരെ ഉയരമുള്ള കപ്പലുകള്‍ക്ക് പോകാം

18.3 മീറ്റർ അകലത്തില്‍ 100 തൂണുകളിലാണ് പാലം. ഭാവിയില്‍ പാത ഇരട്ടിപ്പിക്കാം

സ്റ്റെയിൻലെസ് സ്റ്റീല്‍ റീഇൻഫോഴ്സ്‌മെന്റ്, കോമ്ബോസിറ്റ് സ്ലീപ്പറുകള്‍, ലോംഗ് ലൈഫ് പെയിന്റിംഗ് സിസ്റ്റം തുടങ്ങിയ സാങ്കേതിക വിദ്യകള്‍.

ചുഴലിക്കാറ്റ് തകർത്ത ആദ്യപാലം

മുമ്ബ് ഈ പാലത്തിലൂടെയാണ് സിലോണിലേക്ക് ( ശ്രീലങ്ക) പോയിരുന്നത്. അന്ന് ധനുഷ്‌കോടി വരെ തീവണ്ടി എത്തിയിരുന്നു. അവിടെ നിന്നു 16 കിലോമീറ്റർ മാത്രമാണ് ശ്രീലങ്കയിലേയ്ക്ക്. 1964 ഡിസംബർ 22ന് ചുഴലിക്കാറ്റ് ധനുഷ്‌കോടിയെ തകർത്തു. 115 യാത്രക്കാരുള്ള ട്രെയിൻ കടലെടുത്തു. പാമ്ബൻ പാലത്തിന് കേട് പറ്റിയെങ്കിലും തുറക്കുന്ന ഭാഗം തകർന്നില്ല. അന്ന് റെയില്‍വേ എൻജിനീയറായിരുന്ന മെട്രോമാൻ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ 46 ദിവസം കൊണ്ടാണ് പാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.

Facebook Comments Box

By admin

Related Post