Fri. May 3rd, 2024

റഷ്യ തൊടുത്തുവിട്ടത് ഇരുനൂറോളം മിസൈലുകള്‍; 137 മരണം, കീഴടങ്ങാന്‍ മനസ്സില്ലാതെ യുക്രൈന്‍

By admin Feb 25, 2022 #ukraine russia war
Keralanewz.com

യുക്രൈന് എതിരെ റഷ്യന്‍ സേന നടത്തിയ സൈനിക നീക്കത്തില്‍ വന്‍ നാശ നഷ്ടം. റഷ്യന്‍ ആക്രമണം ഒരു ദിനം പിന്നിടുമ്ബോള്‍ രാജ്യത്ത് ഇതുവരെ 137 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി അറിയിച്ചു.

റഷ്യന്‍ ആക്രമണത്തിന് പിന്നാലെ സ്ഥിതിഗതികള്‍ വ്യക്തമാക്കി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യന്‍ ആക്രമണത്തില്‍ 137 പേര്‍ മരിച്ചതായി സെലന്‍സ്‌കി സ്ഥിരീകരിച്ചു. 306 പേര്‍ക്ക് പരുക്കേറ്റു. 160ലേറെ മിസൈലുകള്‍ റഷ്യ യുക്രൈനിന് മേല്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ കണക്ക്. എന്നാല്‍, റഷ്യയുടെ 30 യുദ്ധ ടാങ്കുകളും അഞ്ച് വിമാനങ്ങളും നാല്‍പത് ഹെലികോപ്റ്ററുകളും നശിപ്പിച്ചതായി യുക്രൈന്‍ അറിയിച്ചു.

റഷ്യന്‍ സൈന്യത്തിന് കീഴടങ്ങാന്‍ വിസ്സമ്മതിച്ച 13 യുക്രൈന്‍ സൈനികരെ വധിച്ചതായും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു. ഇവര്‍ക്ക് മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് യുക്രൈന്‍ പട്ടം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇവരുടെ ഓര്‍മ്മകള്‍ അനുഗ്രഹമാകുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.

വികാരാധീനനായിട്ടായിരുന്നു സെലന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തത്. റഷ്യയെ പ്രതിരോധിക്കുന്നത് യുക്രൈന്‍ തനിച്ചാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും വിധ്വംസക ശക്തികള്‍ രാജ്യ തലസ്ഥാനത്ത് പ്രവേശിച്ചുവെന്ന് അറിയിച്ച സെലന്‍സ്‌കി ഇവിടെ താനും തന്റെ കുടുംബവും മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും അറിയിച്ചു.

അതിനിടെ റഷ്യന്‍ സൈനിക നീക്കത്തിന് എതിരെ ലോക വ്യാപകമായി പ്രതിഷേധം ശക്തമാണ്. ന്യൂയോര്‍ക്കിലും പാരീസിലും യുദ്ധ വിരുദ്ധ പ്രകടനങ്ങള്‍ അരങ്ങേറി. എന്നാല്‍ റഷ്യയില്‍ യുദ്ധ വിരുദ്ധ പ്രകടനത്തിന് ശ്രമിച്ച 17000 പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Facebook Comments Box

By admin

Related Post